ഓരോ വർഷവും നിരവധി ട്രെൻഡുകൾ മാറിമാറി വരുന്ന രാജ്യമാണ് ചൈന. ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ‘വ്യാജ ഗർഭധാരണം’. പ്രായം കുറഞ്ഞ അവിവാഹിതരായ പെൺകുട്ടികളാണ് ഈ ട്രെൻഡ് ഫോളോ ചെയ്യുന്നത്. ഗർഭിണികളുടേതുപോലുള്ള വയർ വച്ച് ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നതാണ് ഈ ട്രെൻഡ്. ചിലരിത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
ചൈനയിലുള്ള പരമ്പരാഗത വിശ്വാസങ്ങൾക്ക് വിരുദ്ധമാണ് ഈ ട്രെൻഡെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ട്രെൻഡ് ചൈനയിൽ ജനന – വിവാഹ നിരക്കുകളെ പോലും ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയാണ് ഉയരുന്നത്.
എന്തിനാണ് ‘വ്യാജ ഗർഭം’
ഗർഭിണിയാകുമ്പോൾ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകും. ശരീരഭാരം കൂടുക മാത്രമല്ല, മുഖത്തും വ്യത്യാസങ്ങൾ വരുന്നു. അതിനാൽ യൗവനത്തിന്റെ തുടക്കത്തിൽ മെറ്റേണിറ്റി ഷൂട്ട് നടത്തുകയാണ് ചൈനയിലെ യുവതികൾ. ഈ സമയം ചിത്രങ്ങളെടുത്താൽ കൂടുതൽ മനോഹരമായിരിക്കും എന്നാണ് അവർ അവകാശപ്പെടുന്നത്.
സെൻട്രൽ ചൈനീസ് പ്രവിശ്യയായ ഹുനാൻ സ്വദേശിയായ മെയ്സി ഗെഗെ എന്ന യുവതി പങ്കുവച്ച “പ്രിമേഡ് മെറ്റേണിറ്റി ഫോട്ടോകൾ” ലോകശ്രദ്ധ നേടിയിരുന്നു. മെലിഞ്ഞ ശരീരവും യുവത്വവും നിലനിൽക്കുന്ന ഈ സമയത്ത് മെറ്റേണിറ്റി ഫോട്ടോസ് എടുക്കുന്നത് ബുദ്ധിപരമായ നീക്കമായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെയധികം ആസ്വദിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും തന്റെ സുഹൃത്തുക്കളും ഇതേ രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയെന്നും മെയ്സി ഗെഗെ പറഞ്ഞു.
മെയ്സി ഗെഗെ ഷോട്ടോഷൂട്ടിന് മുമ്പ് ഒരുങ്ങുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് ഈ വ്യാജ വയർ ശരീരത്തിൽ അറിയാത്ത രീതിയിൽ വയ്ക്കുന്നതെന്ന് അതിൽ കാണിക്കുന്നുണ്ട്. ‘ഞാൻ ഇപ്പോഴാണ് ഏറ്റവും മെലിഞ്ഞിരിക്കുന്നത്. അതിനാൽ ഉടൻതന്നെ മെറ്റേണിറ്റി ഷൂട്ട് ചെയ്യണം. ഇതുപോലൊരു ഫെയ്ക്ക് ബെല്ലി ഞാനും വാങ്ങും’, എന്നാണ് വീഡിയോക്ക് താഴെ ഒരു യുവതി കമന്റിട്ടിരിക്കുന്നത്.
താൻ 26 വയസുള്ള അവിവാഹിതയാണെന്നും 23-ാം വയസിൽ തന്നെ മെറ്റേണിറ്റി ചിത്രങ്ങൾ എടുത്തുവെന്നും മറ്റൊരു യുവതി കമന്റിട്ടിട്ടുണ്ട്. 30കാരിയായ മറ്റൊരു യുവതിയും കമന്റിട്ടിട്ടുണ്ട്. 22-ാം വയസിലാണ് അവർ മെറ്റേണിറ്റി ചിത്രങ്ങളെടുത്ത് സൂക്ഷിച്ചത്. ഞാനെന്റെ 70-ാം ജന്മദിനത്തിനുള്ള ചിത്രങ്ങൾ ഇപ്പോഴേ എടുത്ത് സൂക്ഷിക്കും എന്നാണ് മറ്റൊരാൾ തമാശ രൂപേണ കുറിച്ചിരിക്കുന്നത്. ഞാൻ മരിക്കുന്നതിന് മുമ്പ് തന്നെ ശവസംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിമർശനങ്ങൾ
ഈ പ്രവണത സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ തന്നെ മോശമായി ബാധിക്കുമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇത് ഗർഭിണികൾക്ക് അവരുടെ രൂപത്തെ കുറിച്ച് വെറുപ്പ് തോന്നാൽ കാരണമാകുന്നു. ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഗർഭിണികളായാൽ പോലും മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന ചിന്ത എല്ലാവരിലും ഉണ്ടാക്കാൻ കാരണമാകുന്നു. മാത്രമല്ല, ഗർഭധാരണം വേണ്ട എന്ന തീരുമാനത്തിലെത്താൻ പോലും പ്രേരിപ്പിക്കുന്നതാണ് ഈ ട്രെൻഡെന്നും വിമർശനമുയരുന്നുണ്ട്.
വിചിത്രമായ ട്രെൻഡുകൾ
വ്യാജ ഗർഭധാരണം മാത്രമല്ല, ഇതുപോലെ വിചിത്രമായ നിരവധി ട്രെൻഡുകൾ ചൈനയിലുണ്ട്. മെലിഞ്ഞതും നീളമുള്ളതുമായ ശരീരമാണെന്ന് തോന്നിക്കാനായി പൊക്കിളിന് സമൂപം ടാറ്റൂ ചെയ്യുന്നത് അത്തരത്തിലൊരു ട്രെൻാണ്. ചൈനയിലെ ഇൻഫ്ലുവൻസർമാരാണ് ഇത്തരത്തിലുള്ള ട്രെൻഡുകൾ കൊണ്ടുവരുന്നത്. ഇവരെ പിന്തുടരുന്ന ലക്ഷക്കണക്കിന് ആരാധകരിൽ പലരും ഇത്തരത്തിലുള്ള ട്രെൻഡിന് അടിമകളാകുന്നു. ഈ വിചിത്രമായ ട്രെൻഡുകൾ പ്രോത്സാഹിപ്പിക്കുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്. ഇവരെ എതിർക്കുന്ന നിരവധിപേരുണ്ടെങ്കിലും ഭൂരിഭാഗവും ഇൻഫ്ലുവൻസർമാരെ അനുകൂലിക്കുന്നവരാണ്.