ദില്ലി:വഖഫ് നിയമഭേദഗതിയടക്കം 15 സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. വഖഫില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ തള്ളി. അദാനി വിഷയത്തിലടക്കം നാളെ തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചു.
ഭരണ പ്രതിപക്ഷ ഏറ്റമുട്ടലിന് വീണ്ടും കളമൊരുക്കി ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള് വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും. മുനമ്പം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ വഖഫ് നിയമ ഭേദഗതി ബില്‍ ചൂണ്ടിക്കാട്ടിയാണ് ശക്തമായ ഇടപെടല്‍ കേന്ദ്രം ഉറപ്പ് നല്‍കുന്നത്. വഖഫ് സ്വത്തുക്കളിലടക്കം അന്തിമ വാക്ക് ജില്ലാ കളക്ടര്‍ക്കായിരിക്കും, വഖഫ് ബോര്‍ഡിലേക്ക് അമുസ്ലീം അംഗം , വനിത പ്രാതിനിധ്യം അടക്കം ഉറപ്പ് വരുത്തുന്ന ബില്ലിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജെപിസിയുടെ കാലവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്ലുമായി സര്‍ക്കാര്‍ മുന്പോട്ട് പോകുന്നത് ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പിന് പച്ചക്കൊടി കാട്ടി മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു. മഹാരാഷ്ട്രയിലെ മിന്നും ജയവും നടപടികളില്‍ ഒരു മയവും വേണ്ടെന്ന ആത്മവിശ്വാസത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചുണ്ട്. അതേ സമയം അദാനിക്കെതിരായ അമേരിക്കയുടെ നിയമ നടപടികളില്‍ കേന്ദ്രം തുടരുന്ന മൗനത്തിനെതിരെ വലിയ പ്രതിഷേധം ഇരുസഭകളിലും ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. അദാനിയെ അറസ്റ്റു ചെയ്യണം, സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കാനാണ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും വൈകാതെ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]