ഗാസ- ഇസ്രായിലും ഹമാസും തമ്മിൽ അംഗീകരിച്ച നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ആരംഭിക്കാനിരിക്കെ ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ മരണസംഖ്യ 14,800 കവിഞ്ഞതായി ഫലസ്തീൻ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. മരിച്ചവരിൽ 6,000 പേർ കുട്ടികളും 4,000 പേർ സ്ത്രീകളുമാണെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ മീഡിയ ഏറ്റവും പുതിയ അപ്ഡേറ്റിൽ പറഞ്ഞു.
വടക്കൻ ഗാസയിലെ ആശുപത്രികളിലെ സേവനങ്ങളുടെയും കമ്യൂണിക്കേഷൻ സംവിധാനങ്ങളുടേയും തകർച്ചയെത്തുടർന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നൽകിയിരുന്ന അപ്ഡേറ്റ് ഈ ഓഫീസ് ഏറ്റെടുത്തത്.
ഇസ്രായിൽ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ സംഖ്യ 35,000 കവിഞ്ഞു. വടക്കൻ ഗാസയിലുള്ളവരോട് പ്രധാന റോഡായ സലാഉദ്ദീൻ റോഡിലൂടെ ദക്ഷിണ ഭാഗത്തേക്ക് നീങ്ങാൻ ഇസ്രായിൽ സൈന്യം വ്യാഴാഴ്ച സമ്മർദം ചെലുത്തിയിരുന്നു. 500-ൽ താഴെ ആളുകൾ തെക്കൻ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിൽ വരുന്ന താൽക്കാലിക യുദ്ധ വിരാമം സൃഷ്ടിച്ച പ്രതീക്ഷകളാണ് കൂടുതൽ ആളുകൾ പലായനം ചെയ്യാതിരിക്കാൻ കാരണം. ഒക്ടോബർ 7-ന് ഇസ്രായിൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം, ഗാസയിലെ 17 ലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്ക്. ഏകദേശം 10 ലക്ഷം പേർ ഗാസ മുനമ്പിലുടനീളമുള്ള 156 യുഎൻ റിലീഫ് അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്.
ഇസ്രായേൽ സൈന്യം വ്യാഴാഴ്ച തുടർച്ചയായ എട്ടാം ദിവസവും അൽ ശിഫ ആശുപത്രിയിലും പരിസരത്തും പരിശോധനകളും ആക്രമണവും തുടർന്നു. ഏകദേശം 250 രോഗികളും ജീവനക്കാരും ശിഫയിൽ തുടരുന്നുണ്ട്. വൈദ്യുതി, വെള്ളം, മെഡിക്കൽ സപ്ലൈ എന്നിവ നിലച്ചതിനാൽ ആശുപത്രി പ്രവർത്തന രഹിതമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാധാരണക്കാരും പോലീസുകാരും ഉൾപ്പെടെ ഇസ്രായിലിൽ മരിച്ച 859 ആളുകളുടെ പേരുവിവരങ്ങൾ ഇതുവരെ
പുറത്തുവിട്ടു. ഹമാസ് ആക്രമണത്തിൽ 1200 പേർ മരിച്ചതായാണ് ഇസ്രായിൽ അധികൃതർ കണക്കാക്കിയത്. മരിച്ചവരിൽ 33 പേർ കുട്ടികളാണ്. ഗാസയിൽ കര ആക്രമണം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 75 ആയി.