ഓൺലൈനിൽ എന്ത് വാങ്ങുമ്പോഴും നന്നായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കാശ് പോകുന്ന വഴിയറിയില്ല എന്ന അവസ്ഥയാണ്. എത്രയോ പേർക്കാണ് ഓൺലൈനിൽ നടക്കുന്ന തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ പണം തട്ടിയവരിൽ ഭൂരിഭാഗം പേരെയും പിടികൂടാനായിട്ടുണ്ടോ? അതുമില്ല. ഗുരുഗ്രാമിൽ നിന്നും ഇപ്പോൾ വരുന്ന വാർത്ത ഒരു ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് 30,000 രൂപ നഷ്ടപ്പെട്ടു എന്നാണ്.
ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത യുവതിക്കാണ് ഇത്രയും പണം നഷ്ടപ്പെട്ടത്. ഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തതായിരുന്നു 32 -കാരിയായ യുവതി. ഗൂഗിളിൽ അടുത്ത് എവിടെയെങ്കിലും മദ്യം കിട്ടുമോ എന്നാണ് ഇവർ ആദ്യം തിരഞ്ഞത്. എന്നാൽ, എവിടെയും മദ്യഷോപ്പുകൾ ഉണ്ടായിരുന്നില്ല. മദ്യം വീട്ടുപടിക്കലെത്തിക്കും എന്നു കണ്ട ഒരു ഫോൺ നമ്പറിലേക്ക് യുവതി വിളിക്കുന്നത് അങ്ങനെയാണ്.
അങ്ങനെ യുവതി ഗ്ലെൻഫിഡിച്ച് ഓർഡർ ചെയ്തു. 3000 രൂപയും യുപിഐ വഴി അയച്ചു. എന്നാൽ, പിന്നാലെ യുവതിക്ക് മറ്റൊരു കോൾ കൂടി വന്നു. സാധനം എത്തിക്കണമെങ്കിൽ കൂടുതൽ പണം അടക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഇതിലെന്തോ തട്ടിപ്പുണ്ട് എന്ന് തോന്നിയ യുവതി ഓർഡർ കാൻസൽ ചെയ്യാനൊരുങ്ങി. പിന്നാലെ, തട്ടിപ്പുകാർ അവളോട് ഒരു അഞ്ച് രൂപ ഇടാൻ പറഞ്ഞു. അത് തിരികെ കിട്ടുമെന്നും പറയുകയുണ്ടായി. അവർ നൽകിയത് ഒരു വ്യത്യസ്തമായ നമ്പറായിരുന്നു.
യുവതി അതിലേക്ക് അഞ്ച് രൂപ ഇടുകയും ചെയ്തു. പിന്നാലെ, യുവതിക്ക് നഷ്ടമായത് 29986 രൂപയാണ്. അങ്ങനെ മൊത്തം യുവതിക്ക് നഷ്ടപ്പെട്ടത് ഏകദേശം 33000 രൂപ. പെട്ടെന്ന് തന്നെ യുവതി ബാങ്കിനെ സമീപിച്ചെങ്കിലും പോയ പണം പോയത് തന്നെയായിരുന്നു. പിന്നാലെ, യുവതി പൊലീസിലും പരാതി നൽകി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ് ഇപ്പോൾ.
ഏതായാലും, ഒരു അഞ്ച് രൂപ പോലും പരിചയമില്ലാത്ത, സംശയം തോന്നുന്ന അക്കൗണ്ടുകളിലേക്ക് ഇടാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുന്നത്.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 23, 2023, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]