
ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ അഞ്ച് വയസ്സുകാരി മരിച്ചു. സോഫിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു. കടുത്ത പനിയുമായി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സ ലഭിച്ചില്ലെന്നും ഈ സമയം ഡോക്ടർമാർ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. ബദൗണിലാണ് സംഭവം.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശിശുരോഗ വിദഗ്ദ്ധൻ ഉണ്ടായിരുന്നില്ലെന്നും പല മുറികളിലും കയറി ഇറങ്ങിയിട്ടും ആരെയും കണ്ടില്ലെന്നും കുടുംബം ആരോപിച്ചു. ആശുപത്രിയിൽ നിന്ന് തിരികെ പോകുമ്പോൾ ഡോക്ടർമാരും ജീവനക്കാരും ക്രിക്കറ്റ് കളിക്കുന്നത് കണ്ടെന്നും പല തവണ സഹായത്തിനായി അപേക്ഷിച്ചിട്ടും മകൾക്ക് വൈദ്യസഹായം നൽകിയില്ലെന്നും പെൺകുട്ടിയുടെ പിതാവ് നസീം പറഞ്ഞു. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ അരുൺ കുമാർ പറഞ്ഞു.
ഔട്ട് പേഷ്യൻ്റ് വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ഡോക്ടർമാർ ക്രിക്കറ്റ് കളിക്കാൻ പോയിട്ടില്ലെന്ന് അരുൺ കുമാർ വ്യക്തമാക്കി. അന്നേ ദിവസം അവധിയിൽ പോയവരാകാം ക്രിക്കറ്റ് കളിയിൽ പങ്കെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]