
.news-body p a {width: auto;float: none;}
വയനാട് ലോക്സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് കഴിഞ്ഞദിവസമാണ്. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തന്റെ സ്വത്തുവിവരവും പ്രിയങ്ക വെളിപ്പെടുത്തി. ഇതോടെ പ്രിയങ്കാ ഗാന്ധിക്കാണോ സഹോദരൻ രാഹുൽ ഗാന്ധിക്കാണോ സ്വത്ത് കൂടുതൽ എന്നതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ച രാഹുൽഗാന്ധിയും സ്വത്തുവിവരം വെളിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ സ്വത്തിന്റെ മൂല്യം കൂടി കണക്കാക്കുമ്പോൾ പ്രിയങ്കയ്ക്ക് തന്നെയാണ് സ്വത്ത് കൂടുതൽ.
പ്രിയങ്കയുടെ സ്വത്തുവിവരം
വീടും കാറും നിക്ഷേപവും ഉൾപ്പെടെ 12 കോടിരൂപയുടെ സ്വത്താണ് പ്രിയങ്കയ്ക്കുള്ളത്. വിവിധ ബാങ്കുകളിലായും സ്വർണമായും 4.24 കോടിരൂപയുടെ നിക്ഷേപമാണ് അവർക്കുള്ളത്. നാമനിർദേശ പത്രികയിലെ വിവരങ്ങൾ പ്രകാരം കൈവശമുള്ളത് 52,000 രൂപ മാത്രമാണ്.ഭർത്താവ് റോബർട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, ഭൂസ്വത്ത് 2.10 കോടി എന്നിങ്ങനെയാണ് മറ്റ് ആസ്തികൾ. റോബർട്ട് വദ്രയുടെ പേരിൽ ഭൂമിയില്ല.
2004 മോഡൽ ഹോണ്ട സിആർവി കാർ പ്രിയങ്കയ്ക്കു സ്വന്തമായുണ്ട്. ബാദ്ധ്യത 15.75 ലക്ഷം രൂപ, 3 കേസുകളും പ്രിയങ്കയുടെ പേരിലുണ്ട്. 27.64 കോടി രൂപ മൂല്യമുള്ള വാണിജ്യകെട്ടിടങ്ങൾ റോബർട്ട് വദ്രയ്ക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്കയ്ക്ക് 7.74 കോടി രൂപയുടെയും റോബർട്ട് വദ്രയ്ക്ക് 27.64 കോടി രൂപയുടെയും ഭവനസമുച്ചയങ്ങളും സ്വന്തമായുണ്ട്. വാടക, ബാങ്കിൽനിന്നുള്ള പലിശ, വിവിധ നിക്ഷേപങ്ങൾ എന്നിവയാണ് പ്രിയങ്കയുടെ വരുമാനമാർഗം. ബുദ്ധിസ്റ്റ് സ്റ്റഡീസിൽ യുകെയിലെ സർവകലാശാലയിൽനിന്ന് പിജി ഡിപ്ലോമയുണ്ട്. ഡൽഹി സർവകലാശാലയിൽനിന്ന് ബിഎ സൈക്കോളജിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബിരുദം.
രാഹുലിന്റെ സ്വത്തുവിവരം
ഇക്കഴിഞ്ഞ ജൂണിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 20 കോടിയിലധികം രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 4,33,60,519 രൂപയുടെ ഓഹരികളും 3,81,33,572 രൂപയുടെ മ്യൂച്വൽ ഫണ്ടുകളും ബാങ്ക് ബാലൻസ് 26,25,157 രൂപയും 333.3 ഗ്രാം സ്വർണവും ആഭരണങ്ങളും ഉൾപ്പെടെ 9,24,59,264 രൂപയുടെ ജംഗമ സ്വത്തുക്കളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്ഥാവര സ്വത്തുക്കൾ
സ്വയം സമ്പാദിച്ച 9,04,89,000 രൂപയുടെ സ്വത്തും 2,10,13,598 രൂപയുടെ പാരമ്പ്യ സ്വത്തുക്കളും ഉൾപ്പെടെ 11,15,02,598 രൂപയുടെ സ്ഥാവര സ്വത്തുക്കൾ രാഹുൽ ഗാന്ധിക്കുണ്ട്. സത്യവാങ്മൂലം നൽകുമ്പോൾ കൈയിൽ 55,000 രൂപയും 49,79,184 രൂപ ബാധ്യതയുമാണ് രാഹുലിന് ഉണ്ടായിരുന്നത്. സുൽത്താൻപൂർ ഗ്രാമത്തിലെ ഏകദേശം 3.778 ഏക്കർ വിസ്തൃതിയുള്ള കൃഷിഭൂമിയും പ്രിയങ്കാ ഗാന്ധിക്കൊപ്പം ചേർന്ന് കൈവശം വച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളിൽ ഉൾപ്പെടുന്നു, ഗുരുഗ്രാമിലെ സിഗ്നേച്ചർ ടവേഴ്സിലെ 5,838 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാണിജ്യ അപ്പാർട്ട്മെന്റുകളും (ഓഫീസ് സ്പേസ്) ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 9.05 കോടി രൂപയാണ് വില.