
ചെന്നൈ: പാകിസ്ഥാന് ക്രിക്കറ്റ് ടീം പ്രതീക്ഷിച്ചത് തന്നെയാണ് ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സംഭവിച്ചത്. ഏകദിന ലോകകപ്പിന്റെ ഫിക്സ്ച്ചര്‍ പുറത്തുവരുന്ന സമയത്ത് അഫ്ഗാനെതിരെ ചെന്നൈയില്‍ കളിക്കാനാവില്ലെന്ന ആവശ്യം പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉന്നയിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് വേദി മാറ്റണമെന്ന് ആവശ്യമാണ് പാകിസ്ഥാന് ഉന്നയിച്ചത്. അതിന്റെ കാരണം അഫ്ഗാന് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാനുള്ള പേടി തന്നെ. ചെന്നൈയിലെ കുത്തിത്തിരിയുന്ന ട്രാക്കില്‍ ബാറ്റേന്തുക ബുദ്ധിമുട്ടാണെന്ന ചിന്ത പിസിബിക്കുണ്ടായിരുന്നു. ആ പേടി അഫ്ഗാന് മുതലെടുക്കകയും ചെയ്തു.
ഇന്നലെ ടീമില്‍ കളിച്ചത് നാല് സ്പിന്നര്‍മാര്‍. മുഹമ്മദ് നബി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, അഹമമദ് നൂര്‍ എന്നിവരായിരുന്നു അഫ്ഗാന് സ്പിന്നര്‍മാര്‍. നബിക്ക് ഒരു വിക്കറ്റ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ റാഷിദിനൊപ്പം നബി പിശുക്ക് കാണിക്കുകയും ചെയ്തു. അഹമ്മദ് നൂറ് മൂന്ന് വിക്കറ്റെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. അഫ്ഗാന് ബാറ്റ് ചെയ്യാന്‍ ആത്മവിശ്വാസം നല്കിയതും ഇതേ പ്രകടനമാണ്.
പാകിസ്ഥാന്റെ വീണ ഏഴ് വിക്കറ്റുകളില്‍ നാലും സ്വന്തമാക്കിയതും സ്പിന്നര്‍മാര്‍ തന്നെ. ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി മത്സരം അനുകൂലമാക്കിയത് അഹമ്മദ് നൂര്‍ ആയിരുന്നു. ബാബറിന് പുറമെ, മികച്ച ഫോമില്‍ കളിക്കുന്ന റിസ്വാന്, ഓപ്പണര്‍ ഷഫീഖ് എന്നിവരെ പുറത്താക്കി നൂര്‍ കളിയുടെ ഗതി നിര്‍ണയിച്ചു. സൗദ് ഷക്കീലിനെ നബിയും വീഴ്ത്തി. അവസാന ഓവറുകളില്‍ ഇഫ്തഖര്‍ അഹമ്മദിന്റെ വെടിക്കെട്ടൊഴിച്ചു നിര്‍ത്തിയാല്‍ പാക് ബാറ്റിങ് നിരയുടെ റണ്‍റേറ്റുയര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും സ്പിന്നര്‍മാര്‍ തടഞ്ഞു.
നബി 10 ഓവറില്‍ വെറും 31 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും റാഷിദ് ഖാന് 10 ഓവറില്‍ 41 റണ്‍സ് മാത്രമാണ് നല്‍കിയത്. നൂര്‍ അഹമ്മദ് 10 ഓവറില്‍ 49ഉം മുജീബുര്‍ റഹ്മാന് എട്ടോവറില്‍ 55 റണ്‍സും വിട്ടുകൊടുത്തു. നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തിയും റണ്‍റേറ്റ് ഉയര്‍ത്താതെയും അഫ്ഗാന് സ്പിന്നര്‍മാര്‍ ഫോമിലായയതോടെ കൂറ്റന്‍ സ്കോര്‍ നേടാമെന്ന പാകിസ്ഥാന്റെ മോഹത്തിന് തിരിച്ചടിയേല്‍ക്കുകയായിരുന്നു.
ബാറ്റിങ്ങില്‍ പാക് പേസ് നിരയെ മികച്ച രീതിയില്‍ നേരിടാനും അഫ്ഗാന് ബാറ്റിങ് നിരക്കായി. മികച്ച സ്ട്രോക്കുകളും വിക്കറ്റിനിടയിലെ ഓട്ടവും അഫ്ഗാന് മുന്‍തൂക്കം നല്കി. പേരുകേട്ട പാക് ബൗളിങ് നിര ആദ്യ വിക്കറ്റിനായി 21ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍, കൃത്യമായ കൂട്ടുകെട്ടുകള്‍ ഉയര്‍ത്തി ആധികാരികമായി തന്നെ അഫ്ഗാന് മത്സരം പിടിച്ചു. പാക് സ്പിന്നര്‍മാരായ ഷദാബ് ഖാനും ഉസാമി മിറിനും ഇഫ്തിക്കറിനും ശോഭിക്കാനുമായില്ല.
Last Updated Oct 24, 2023, 8:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]