
8:32 AM IST:
ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.
8:31 AM IST:
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. വിദേശ പാസ്പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്. വെള്ളിയാഴ്ച, അമേരിക്കൻ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.
8:31 AM IST:
ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്.
8:30 AM IST:
തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാൻ വീണ്ടും മുന്നറിയിപ്പ് നൽകി ഒമാൻ ഭരണകൂടം. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. യെമനോട് ചേർന്ന അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകി. നിലവിൽ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാൽ കരതൊടുന്നത് വൈകും. യെമൻ തീരത്തോട് ചേർന്നാകും കരതൊടുക എന്നാണ് കണക്കാക്കപ്പെടുന്നത്.
8:30 AM IST:
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. പക്ഷേ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ) തെക്കൻ തമിഴ്നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ വരെ) 24-10-2023 രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.