മലയാള സിനിമാസ്വാദകർ ഒന്നടങ്കം അക്ഷമരായി കാത്തിരുന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം. നീണ്ടനേരത്തെ കാത്തിരിപ്പിനൊടുവിൽ ‘ടർബോ’ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ അതേറ്റെടുത്തു. വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒപ്പം മിഥുനും കൂടി ആകുമ്പോൾ ആ പ്രതീക്ഷകൾക്ക് അതിരില്ലാതാവുകയാണ്. ഈ അവസരത്തിൽ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈശാഖ്.
നൂറ് ദിവസമാകും ‘ടർബോ’യുടെ ഷൂട്ടിംഗ് നടക്കുക എന്ന് വൈശാഖ് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇന്ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പം വേണമെന്നും വൈശാഖ് പറയുന്നു. ഒരിക്കൽ കൂടി തന്നെ വിശ്വസിച്ച മമ്മൂട്ടിക്ക് നന്ദി അറിയിക്കുന്നു എന്നും വൈശാഖ് കുറിച്ചു.
“അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിനോട് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങൾ നൽകിയ പിന്തുണയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. മനോഹരമായൊരു തിരക്കഥ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന് നന്ദി. എല്ലാറ്റിനും ഉപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരെെയും നന്ദിയോടെ ഓർത്ത് ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു..”, എന്നാണ് വൈശാഖ് കുറിച്ചത്.
മമ്മൂട്ടിയുടെ പേരിലുള്ള മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം ആണ് ടർബോ. മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് വിലയിരുത്തലുകൾ. കോയമ്പത്തൂരില് ആണ് ഷൂട്ടിങ്ങിന് തുടക്കമാകുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ റിലീസ് ചെയ്ത സിനിമകൾ. ജ്യോതിക നായികയായി എത്തുന്ന കാതൽ റിലീസിന് ഒരുങ്ങുകയാണ്.
വമ്പൻ പ്രഖ്യാപനം, മമ്മൂട്ടിയുടെ പുതിയ ചിത്രം വൈശാഖിനൊപ്പം; തിരക്കഥ മിഥുൻ മാനുവൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 24, 2023, 9:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]