കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്ടണിലെ ഒരു സ്കൂളിൽ അവധിയെടുത്തത് അഞ്ഞൂറിലധികം കുട്ടികൾ. തിങ്കളാഴ്ച മുഖംമൂടി ധരിച്ച ഒരുകൂട്ടം ആളുകൾ സ്കൂളിൽ അതിക്രമിച്ച് കയറിയതിന് പിന്നാലെയാണ് വാഷിംഗ്ടണിലെ ഓബർൺ റിവർസൈഡ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പിറ്റേദിവസം സ്കൂളിൽ എത്താതെ വീട്ടിൽ പേടിച്ചിരുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് മുഖംമൂടി ധരിച്ച അഞ്ച് പേർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ വാതിലിനടുത്തെത്തുകയും അതുവഴി ക്ലാസ് മുറിയിൽ പ്രവേശിക്കുകയും ചെയ്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ കുട്ടികൾ കൂട്ടഅവധിയെടുത്തു എന്നും ഓബർൺ പൊലീസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. മുഖംമൂടിധാരികൾ പിന്നീട് ഹാളിലൂടെ ഓടുകയും നാല് വിദ്യാർത്ഥികളെ തള്ളിയിടുകയും മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന് മകൾക്ക് ഭയമായിരുന്നു എന്നും അതിനാൽ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു എന്നും വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവായ ബ്രാണ്ടി ഗാർബർ പറഞ്ഞു. മുഖംമൂടി ധരിച്ച ആളുകൾ സ്കൂളിലേക്ക് വന്നു. പിന്നാലെ എല്ലാവരും ഭയന്ന് ഓടാൻ തുടങ്ങി. ചിലരെ മുഖംമൂടിധാരികൾ തള്ളിയിട്ടു എന്ന് മകൾ പറഞ്ഞതായും ഗാർബർ പറയുന്നു.
കഴിഞ്ഞയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിന്റെ ബാക്കിയായിരിക്കാം ഈ സാഹചര്യമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇവർ സ്കൂളിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങിയ ഉടനെ തന്നെ സ്കൂൾ അധികൃതർ പിന്നാലെ ചെന്ന് ഇവരെ പിടികൂടിയിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തെത്തുടർന്ന്, ദിവസം മുഴുവൻ സ്കൂൾ അടച്ചിട്ടു. അകത്തെയും പുറത്തെയും വാതിലുകൾ എല്ലാം അടച്ചു. ആഴ്ച മുഴുവനും പുറത്ത് ഗ്രൗണ്ടുകളിൽ അടക്കം പ്രത്യേകം ഉദ്യോഗസ്ഥരെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടി നിയമിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
:
Last Updated Oct 23, 2023, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]