കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞു. ആശുപത്രിയിൽ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിന്റെ ജീവനക്കാരോട് അടിയന്തരമായി എത്തിച്ചേരാൻ നഗരസഭ ചെയർപേഴ്സൺ നിർദേശം നൽകിയിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ ഷവർമ വിറ്റ ഹോട്ടൽ അടച്ചുപൂട്ടാൻ തൃക്കാക്കര നഗരസഭ നിർദേശം നൽകി. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചു. ഹോട്ടലിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിക്കും.
Story Highlights: Man who ate shawarma from a hotel in Kakkanad is in critical condition
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]