അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വിസ നയങ്ങൾ ടെക് ലോകത്ത് ആശങ്ക പടർത്തുന്നതിനിടെ, യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ വിസയുമായി ചൈന. ‘കെ വിസ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വിസ സംവിധാനം യോഗ്യരായ യുവ പ്രൊഫഷണലുകളെയാണ് ലക്ഷ്യമിടുന്നത്.
യുഎസ് എച്ച്-1ബി വിസയ്ക്ക് ബദലായി അവതരിപ്പിക്കുന്ന ‘കെ’ വിസ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) തുടങ്ങിയ മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വിദേശികളുടെ യാത്രാ നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തുന്ന ഉത്തരവിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ഒപ്പുവെച്ചു. ഒക്ടോബർ ഒന്നു മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും.
എച്ച്-1ബി വിസയ്ക്ക് ഡൊണാൾഡ് ട്രംപ് ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് നിർദ്ദേശിച്ചതോടെ അമേരിക്കയിൽ വിദേശ പ്രൊഫഷണലുകൾക്ക് അവസരങ്ങൾ കുറയുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നിർണായക നീക്കം. ഇത് വിദഗ്ധരായ നിരവധി പ്രൊഫഷണലുകൾക്ക് ചൈനയെ മികച്ചൊരു സാധ്യതയായി പരിഗണിക്കാൻ വഴിയൊരുക്കും.
കെ വിസയുടെ സവിശേഷതകൾ ചൈനയിൽ നിലവിലുള്ള 12 തരം വിസകളെ അപേക്ഷിച്ച് കൂടുതൽ ഇളവുകളും സൗകര്യങ്ങളുമാണ് കെ വിസ വാഗ്ദാനം ചെയ്യുന്നത്. വിസയുടെ കാലാവധി, രാജ്യത്ത് തങ്ങാനുള്ള സമയം, എത്ര തവണ പ്രവേശിക്കാം തുടങ്ങിയ കാര്യങ്ങളിൽ കെ വിസ ഉടമകൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
ഈ വിസയിൽ ചൈനയിലെത്തുന്നവർക്ക് വിദ്യാഭ്യാസം, സാംസ്കാരികം, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളിലും സംരംഭകത്വ-ബിസിനസ് രംഗങ്ങളിലും സജീവമാകാൻ അനുമതിയുണ്ടാകും. ആർക്കൊക്കെയാണ് കെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുക? ശാസ്ത്ര-സാങ്കേതിക രംഗത്തെ യുവ ബിരുദധാരികളെ ലക്ഷ്യമിട്ടാണ് കെ വിസ അവതരിപ്പിച്ചിരിക്കുന്നത്.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് പ്രഥമ പരിഗണന ലഭിക്കും. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നോ ഗവേഷണ സ്ഥാപനത്തിൽ നിന്നോ പഠനം പൂർത്തിയാക്കിയവരായിരിക്കണം.
അമേരിക്കയിലേക്ക് പോകുന്ന ആയിരക്കണക്കിന് വിദഗ്ധരെ ചൈനയിലെ സാങ്കേതിക-ഗവേഷണ മേഖലകളിലേക്ക് ആകർഷിക്കുകയെന്നതാണ് ഈ നീക്കത്തിലൂടെ ചൈന ലക്ഷ്യമിടുന്നത്. ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ അമേരിക്ക കുടിയേറ്റ നിയമങ്ങൾ സങ്കീർണ്ണവും ചെലവേറിയതുമാക്കുമ്പോൾ, ചൈന കൂടുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ പ്രതിഭകളെ സ്വാഗതം ചെയ്യുകയാണ്.
കെ വിസയിലൂടെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾക്കൊപ്പം ലളിതമായ താമസ-യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നു. ആഗോള സാങ്കേതിക രംഗത്തെ മത്സരത്തിൽ ഒട്ടും പിന്നോട്ട് പോകാൻ തങ്ങൾ തയ്യാറല്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ചൈന നൽകുന്നത്.
ഈ നടപടി അമേരിക്കയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയിലെ വിസ ഫീസ് വർദ്ധന സെപ്റ്റംബർ 21 മുതൽ സമർപ്പിക്കുന്ന എല്ലാ പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്കും 100,000 ഡോളർ ഫീസ് ഈടാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഉത്തരവിട്ടിരുന്നു.
അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. ഇതിനൊപ്പം, ഒരു മില്യൺ ഡോളർ നിക്ഷേപം നടത്തുന്നവർക്ക് അമേരിക്കയിൽ സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്ന ‘ട്രംപ് ഗോൾഡ് കാർഡ്’ എന്ന പുതിയ വിസ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]