ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതോടെ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പരിഷ്കാരം ഏർപ്പെടുത്തി. ഇനിമുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബന്ധമാക്കി.
മുൻപ് വോട്ടർ ഐഡി നമ്പരും ഏതെങ്കിലും ഒരു ഫോൺ നമ്പരും ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കാമായിരുന്നു. ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
അലന്ദിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്റെ പുതിയ നീക്കം. ‘മോഷണം നടന്നതിന് ശേഷമാണ് ഗ്യാനേഷ് കുമാർ പൂട്ടും താക്കോലുമായി വരുന്നത്’ എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ എപ്പോഴാണ് കർണാടക സിഐഡിക്ക് കൈമാറുകയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
ഇതിനിടെ, മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും വോട്ടർ പട്ടികയിലെ ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ ആവശ്യം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വെറും 7 മാസത്തിനുള്ളിൽ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ അസ്വാഭാവിക വർദ്ധനവിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ നവംബർ 27-നും ഈ വർഷം ജൂൺ 30-നും ഇടയിലുള്ള കാലയളവിൽ 14.71 ലക്ഷം പുതിയ വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ഇത്രയധികം വോട്ടർമാരുണ്ടായി എന്ന് കോൺഗ്രസും എൻസിപിയും ചോദിക്കുന്നു. യുപിഎ ഭരണകാലത്തും സമാനമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നായിരുന്നു കമ്മീഷന്റെ മുൻ പ്രതികരണം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]