മുംബൈ ∙
തടയാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തിൽ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്റ്റ് ചെയ്തു. ട്രെയിൻ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ സൈഫ് ചൗധരിയാണ് (40) മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതോടെ കുർള പൊലീസ് കേരളത്തിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആയുർവേദ ഡോക്ടർ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവർ കഴിഞ്ഞ ജൂൺ 4ന് എൽടിടി – നാന്ദേഡ് എക്സ്പ്രസിൽ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്.
അതു പ്രതിരോധിച്ച അവർ ബഹളംവച്ചതോടെ ഭർത്താവും ബർത്തിൽ നിന്നിറങ്ങി. ബാഗ് തിരികെ വാങ്ങിക്കാൻ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു.
അതിനിടെ, യോഗേഷിന്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിൻ കയറിയിറങ്ങി.
പരുക്കേറ്റ ഭർത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിർത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയിൽവേ പൊലീസാണു കല്യാൺ സ്റ്റേഷനിൽ ഇറക്കി സുരക്ഷിതമായി മാതാപിതാക്കളുടെ സമീപം എത്തിച്ചത്.
മോഷ്ടാവിനായി മാസങ്ങളായി നടത്തുന്ന തിരച്ചിൽ വിഫലമായിരിക്കേയാണു കോഴിക്കോട്ട് കഴിഞ്ഞമാസം സമാനരീതിയിലുള്ള മോഷണം നടന്നെന്നും പ്രതി അറസ്റ്റിലായെന്നുമുള്ള വിവരം മുംബൈ റെയിൽവേ പൊലീസ് അറിഞ്ഞത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാൾ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മുൻപ്, ട്രെയിനിൽ അനധികൃതമായി മൊബൈൽ ഹെഡ്ഫോണും മറ്റും കച്ചവടം ചെയ്തിരുന്ന ഇയാൾക്കെതിരെ നിലവിൽ 30 മോഷണക്കേസുകളുണ്ട്.
ഡൽഹിയിലേക്കു തട്ടകം മാറ്റിയ ചൗധരി, ദീർഘദൂര ട്രെയിനുകളിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]