
.news-body p a {width: auto;float: none;}
ലെബനനിനെതിരെ ആക്രമണം കടുപ്പിച്ച് സമ്പൂർണ യുദ്ധത്തിലേക്കെന്ന സൂചന നൽകുകയാണ് ഇസ്രയേൽ. ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതിൽ 35 പേർ കുട്ടികളും 58 സ്ത്രീകളുമുണ്ട്. 1645 പേർക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. 2006ലെ ഇസ്രയേല്-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികം പേര് ആക്രമണത്തില് മരിക്കുന്നത് ഇപ്പോഴാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലെബനനിലെ 300ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിവരികയാണ് ഹിസ്ബുള്ള. ലെബനനിൽ കഴിഞ്ഞയാഴ്ച ഉണ്ടായ പേജർ, വാക്കിടോക്കി കൂട്ട സ്ഫോടനങ്ങൾക്കുശേഷവും ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ഇതിനിടെ, ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ ‘അയൺ ഡോം സിസ്റ്റം’ ഭേദിച്ചുകൊണ്ട് ഹമാസിന്റെ റോക്കറ്റുകൾ കഴിഞ്ഞവർഷം ഇസ്രായേലിൽ വർഷിച്ചപ്പോഴായിരുന്നു ഈ സംവിധാനം ആദ്യം ചർച്ചകളിൽ നിറഞ്ഞത്. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തെത്തുടർന്ന് അയൺ ഡോം വീണ്ടും പ്രവർത്തന സജ്ജമായിരിക്കുകയാണ്. ഹിസ്ബുള്ളയുടെ ഏറ്റവും വലിയ ആക്രമണ രീതി റോക്കറ്റുകളിലൂടെയാണ്. വ്യോമാക്രമണങ്ങളെ തകർത്ത് ആകാശ സംരക്ഷണം ഒരുക്കുകയാണ് അയൺ ഡോം സംവിധാനം ചെയ്യുന്നത്.
എന്താണ് അയൺ ഡോം സംവിധാനം?
റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി) എന്നിവയെ നേരിടാൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള, ഭൂമിയും ആകാശവും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയൺ ഡോം സിസ്റ്റം.
2006ലെ ലെബനൻ ആക്രമണത്തിൽ അനേകം ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമാണ് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം നിർമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. 2011 മുതലാണ് അയൺ ഡോം സംവിധാനം ഇസ്രായേലിനെ സംരക്ഷിച്ചുതുടങ്ങിയത്.
വ്യോമാതിർത്തിയിൽ തന്നെ ശത്രുക്കളുടെ മിസൈലുകളും റോക്കറ്റുകളും ടാർഗറ്റ് ചെയ്ത് അവയുടെ പാത, വേഗത, ലക്ഷ്യം എന്നിവ നിമിഷങ്ങൾക്കുള്ളിൽ കണക്കുകൂട്ടി അവയെ വായുവിൽ വച്ചുതന്നെ നശിപ്പിക്കുകയാണ് അയൺ ഡോം സംവിധാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്. ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളുണ്ട്. ശത്രുക്കൾ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകൾ ഉൾപ്പെടുന്ന മിസൈൽ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക.
എങ്ങനെയാണ് അയൺ ഡോം സംവിധാനം പ്രവർത്തിക്കുന്നത്?
ഇസ്രയേലിനുനേരെ ഒരു റോക്കറ്റ് വർഷിക്കുമ്പോൾ റഡാർ ഇത് കണ്ടെത്തുകയും ആയുധ നിയന്ത്രണ സംവിധാനത്തിന് വിവരം കൈമാറുകയും ചെയ്യും. തുടർന്ന് ഈ യൂണിറ്റ് റോക്കറ്റിന്റെ വേഗത, ലക്ഷ്യം, സഞ്ചാരപാത എന്നിവ കണക്കുക്കൂട്ടി മനസിലാക്കും. റോക്കറ്റ് ജനവാസകേന്ദ്രങ്ങളിലേക്കാണ് എത്തുന്നതെങ്കിൽ ലോഞ്ചർ യാന്ത്രികമായി താമിർ മിസൈലിനെ തൊടുത്തുവിടുകയും റോക്കറ്റ് വായുവിൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഒരൊറ്റ ബാറ്ററിയിൽ തന്നെ മൂന്നോ നാലോ ലോഞ്ചറുകളാണ് ഉള്ളത്. ഇസ്രയേലിന് ഇത്തരത്തിൽ പത്ത് ബാറ്ററികളുണ്ട്. ബാറ്ററികൾ മറ്റ് ഇടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുമാവും.
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുധ കമ്പനിയായ റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ആണ് അയൺ ഡോം സംവിധാനത്തിന്റെ നിർമാതാക്കൾ. ഇസ്രയേൽ നഗരമായ ഹൈഫയിലാണ് ഇതിന്റെ ആസ്ഥാനം. അയൺ ഡോം സംവിധാനത്തിന് 90 ശതമാനം വിജയ നിരക്കാണ് കമ്പനി അവകാശപ്പെടുന്നത്. 2016ൽ അയൺ ഡോം സംവിധാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ബില്യൺ ഡോളർ യുഎസ് ഫണ്ട് നൽകിയിരുന്നു. ഇസ്രയേൽ പ്രതിരോധത്തിന്റെ ഏറ്റവും വലിയ ശക്തിയായാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ആരോ, ഡേവിഡ്സ് സ്ളിംഗ് എന്ന പേരിലും ഇസ്രയേലിന് മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാനാണ് ആരോ പ്രവർത്തിക്കുന്നത്. മീഡിയം റേഞ്ച് റോക്കറ്റ്, മിസൈലുകൾ എന്നിവയെ പ്രതിരോധിക്കുന്ന സംവിധാനമാണ് ഡേവിഡ്സ് സ്ളിംഗ്.