
ദില്ലി: പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയു എക്സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. തിരൂരിൽ 9.22ന് ട്രെയിൻ ഓടിയെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38 നാണ് ട്രെയിൻ തൃശ്ശൂരെത്തുക. എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05 ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിൽ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. 8 മണിക്കൂറും 5 മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിൻ കോഴിക്കോടെത്തും.10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net