
തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി.
ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്. ഓൺലൈൻ ലോൺ ആപ്പുകളുടെ അപകടത്തെ കരുതിയിരിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ്. നമ്മുടെ സമൂഹത്തിൽ ഇത്തരം ആപ്പുകളുടെ ചതിയിൽപ്പെടുന്നുവർ ധാരാളമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ലോൺ ആപ്പുകളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് സംഘം സാധാരണ ഗതിയിൽ ഏഴു ദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്.
അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാൾക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് നൽകുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെ പലിശ ഈടാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ ആവശ്യപ്പെടും. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ലോൺ അനുവദിക്കുന്നതിന് അവർ നിർദ്ദേശിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്.
Last Updated Sep 23, 2023, 10:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]