
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – ലോകസഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിലെ ഉന്നതതല സമിതിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതി തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അര്ജുന് റാം മേഘ്വാള്, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന് ചെയര്മാന് എന്‍ കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് ആദ്യ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍. പ്രശസ്ത അഭിഭാഷകന് ഹരീഷ് സാല്‍വെ യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്തു. യോഗത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു. ഉന്നതതല സമിതി രൂപീകരിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ ‘ നേരത്തെ ആരോപിച്ചിരുന്നു. ലോകസഭ, സംസ്ഥാന അസംബ്ലികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം ശുപാര്‍ശകള്‍ നല്കാന് ഉന്നത സമിതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.