

First Published Sep 23, 2023, 4:21 PM IST
ദില്ലി: കേരളത്തിന്റെ വിവിധ ആവശ്യങ്ങള് ഉന്നയിച്ച് കേന്ദ്ര മന്ത്രിമാരെ കണ്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്.
പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് ചർച്ച നടത്തിയത്.
പ്രധാനമായും ഉന്നയിച്ച വിഷയങ്ങള് – എം ബി രാജേഷിന്റെ വാക്കുകൾ
1. എൻ എസ് എ പി പദ്ധതിയിൽ ഉൾപ്പെട്ട 6,88,329 ഗുണഭോക്താക്കൾക്ക് കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര പെൻഷൻ വിഹിതം നൽകിയിട്ടില്ല. എന്നാൽ കേരളം സ്വന്തം പണമെടുത്ത് ഈ കേന്ദ്രവിഹിതം കൂടി ആ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. കേന്ദ്രം നിർദ്ദേശിച്ച പി എഫ് എം എസ് സംവിധാനം വഴി തന്നെയാണ് സംസ്ഥാനം ആ തുക വിതരണം ചെയ്തത്. ഈ ഇനത്തിൽ 579.95 കോടി രൂപ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രസർക്കാർ കേരളത്തിന് പൈസ ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം കേന്ദ്ര പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പരിശോധിക്കാമെന്നും ഉടനെ പരിഹരിക്കാമെന്നുമാണ് ഉറപ്പ് നൽകിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഇന്നലെ വകുപ്പ് സെക്രട്ടറിമാർ ഇക്കാര്യം പ്രാഥമികമായി പരിശോധിക്കുകയുണ്ടായി. അധികം വൈകാതെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആദ്യ വിഹിതമായ 954.5 കോടി രൂപ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു കിട്ടിയിട്ടില്ല. അതിന് കാരണമായി കേന്ദ്രം പറയുന്നത്, പതിനാലാം ധനകാര്യ കമ്മീഷൻ അനുവദിച്ച തുകയുടെ പത്തുശതമാനത്തിൽ കുറവ് മാത്രമേ ചിലവഴിക്കാൻ തുക ബാക്കിയുണ്ടാവാൻ പാടുള്ളൂ എന്നതാണ്. ഈ വ്യവസ്ഥ ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും, അത് സംബന്ധിച്ച് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങളിലും ഉൾപ്പെട്ടതായിരുന്നില്ല. അവസാന നിമിഷം പെട്ടന്നു കൊണ്ടുവന്ന ഈ വ്യവസ്ഥയാണ് പണം അനുവദിക്കുന്നതിന് തടസമായി നിൽക്കുന്നത്. ഇത് കേരളം മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്നവുമാണ്. ഈ കാര്യത്തിലും ഉടൻ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്.
3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് ഈ വർഷം അനുവദിച്ച ലേബർ ബജറ്റ് ആറുകോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3.65 കോടി കുറവാണ്. കഴിഞ്ഞ വർഷം അതിന് മുൻപുള്ള വർഷത്തേക്കാൾ ഏതാണ്ട് ഒരു കോടി തൊഴിൽ ദിനങ്ങൾ കുറവായിരുന്നു. ക്രമാനുഗതമായ ഈ കുറവ് ബഹു. മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും കഴിഞ്ഞ വർഷത്തെ തൊഴിൽ ദിനങ്ങളെങ്കിലും കേരളത്തിന് നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് കേരളമാണെന്നുള്ള കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ മികവിന്റെ ഒൻപത് മാനദണ്ഡങ്ങളിൽ നാലിലും കേരളം ഒന്നാംസ്ഥാനത്തും ബാക്കി അഞ്ചിൽ രണ്ടാം സ്ഥാനത്തുമാണ് എന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിച്ചു. കേന്ദ്രബജറ്റിലെ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഇത്തവണ കുറച്ചു എന്ന പ്രശ്നമുണ്ട്, എങ്കിലും ഇക്കാര്യത്തിലും അനുകൂല നടപടി പ്രതീക്ഷിക്കുന്നു.
4. കേരളം അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ നഗരമേഖലയുമായി ബന്ധപ്പെട്ട രണ്ട് ബൃഹത് പദ്ധതികൾ കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ന്യൂ സിറ്റി ഇൻക്യുബേഷൻ പദ്ധതിയിലുൾപ്പെടുത്തി തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതിയാണ്. യഥാക്രമം 1446. 64 കോടി, 2113കോടി എന്നീ തുകയ്ക്കുള്ള പദ്ധതികളാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. അതോടൊപ്പം നഗരമേഖലാ പരിഷ്കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള മറ്റൊരു ബൃഹത് പദ്ധതിയുടെ വിശദമായ നിർദ്ദേശവും കേരളം നേരത്തെ തന്നെ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് 935 കോടി രൂപയുടേതാണ്. ഈ രണ്ട് പദ്ധതികൾക്കും അംഗീകാരം നൽകണമെന്ന് നഗരവികസന വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരിയോട് അഭ്യർത്ഥിച്ചു.
5. മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്തുകൊണ്ട്, മൊബൈൽ എഫ് എസ് ടി പി കൾ അനുവദിക്കണമെന്നാണ് ജനശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനോട് ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. അതുപോലെ മലിനജല സംസ്കരണത്തിനുള്ള ഫണ്ട്, ഇപ്പോൾ ശുചിമുറി മാലിന്യ സംസ്കരണത്തിന് സ്വച്ഛ് ഭാരത് ഗ്രാമീൺ പദ്ധതിയിൽ അനുവദനീയമല്ല. അതുകൂടി ഉൾപ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്നും, ആ നിലയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ എഫ് എസ് ടി പികൾ എത്രത്തോളം സാങ്കേതികമായി പ്രവർത്തനക്ഷമമാണ് എന്ന കാര്യം പഠിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അതേസമയം, കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്ന് എം ബി രാജേഷ് അറിയിച്ചു. കൂടിക്കാഴ്ചകളിൽ എം പി മാരായ എളമരം കരീം, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരും പങ്കെടുത്തു.
നബി ദിന പൊതു അവധി സെപ്റ്റംബര് 28ന് നൽകണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എംഎൽഎ
Last Updated Sep 23, 2023, 6:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]