
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ലെന്നും ജനങ്ങള്‍ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെ നീങ്ങാൻ നേതാക്കൾ തയ്യാറാകണം. കരുവന്നൂരിൽ ജില്ലയിലെ നേതാക്കളോടും എം വി ഗോവിന്ദൻ വിവരങ്ങൾ തേടി.
ജില്ലയിലെ ആരോപണ വിധേയർ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി, കോൺഗ്രസ് പദയാത്രയ്ക്ക് ബദലായി രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്തെന്നാണ് വിവരം.
കരുവന്നൂർ വീണ്ടും ചർച്ചയാകുമ്പോൾ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാൻ കഴിയാത്തതിൽ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിക്കെതിരെ സി.പി.ഐ.എം രംഗത്തെത്തിയിരുന്നു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചത്. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി നേതൃത്വമാണെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായും കൗൺസിലർ അരവിന്ദാക്ഷനെ ഇഡി മർദിച്ചതായും എം.വി ഗോവിന്ദന് ആരോപിച്ചിരുന്നു.
സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായും എം.വി ഗോവിന്ദന് ആരോപിച്ചിരുന്നു.
Story Highlights: MV Govindan reacts to Karuvannur bank scam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]