
12:39 PM IST:
കാനഡയുമായി തുടരുന്ന ഭിന്നതക്കിടെ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ചു.
12:30 PM IST:
ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടുത്തം. ഒല്ലൂർ രാമൂസ് ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിൻറെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരിൽ നിന്ന് അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
12:07 PM IST:
കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്രസര്ക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില് ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
12:06 PM IST:
വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതൽ കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോയ ഇവർ അവിടെ എത്തിയിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. പിന്നാലെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
11:00 AM IST:
34 കോടിയുടെ കെഎസ്ഇബി-ഇൻകെൽ സോളാർ പദ്ധതിയിൽ അന്തിമ കരാർ ഒപ്പിട്ടതിലും തിരിമറിയെന്ന് ആക്ഷേപം. കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും രേഖകളിലുള്ളത് കള്ള ഒപ്പാണെന്നും ഇൻകെൽ മുൻ എംഡി കെ.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സോളാർ പദ്ധതിയിൽ അഴിമതി നടക്കുമെന്ന് 2020 ൽ തന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും ഇൻകൽ പദ്ധതിയുമായി മുന്നോട്ട് പോയതാണ് അഞ്ച് കോടി കോഴക്ക് അവസരമായത്.ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
11:00 AM IST:
നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും.
10:59 AM IST:
ഇന്ത്യ-കാനഡ പ്രതിസന്ധിക്കിടെ കാനഡയിൽ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
10:58 AM IST:
കാനഡയ്ക്കെതിരെ നീക്കം ശക്തമാക്കാൻ ഇന്ത്യ. കാനഡ ഖലിസ്ഥാൻ ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ
ഉന്നയിക്കും. ഇരു രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്നെന്ന് അമേരിക്ക അറിയിച്ചു. ആശങ്കയൊഴിയാതെ കാനഡയിലെ മലയാളികൾ.