
കണ്ണൂർ: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷെർഷാദിനെതിരെ നിയമ നടപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണ തോമസ് ഐസകിന്റെ ബെനാമി ആണെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഹമ്മദ് ഷെർഷാദിന് നോട്ടീസ് അയച്ചിരുന്നു.
പിബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായതോടെയാണ് എം വി ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.
ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എം വി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തൻ്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നാണ് വക്കീൽ നോട്ടീസിൽ എം വി ഗോവിന്ദൻ പറയുന്നത്. തന്റെ മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി.
ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദൻ നല്കിയ വക്കീൽ നോട്ടീസിലെ ആവശ്യം. മകന് പ്രതിരോധം തീർക്കുമ്പോഴും ഷെർഷാദ് പരാതിയിൽ ഉന്നയിച്ച മറ്റ് നേതാക്കളുടെ സാമ്പത്തിക ഇടപാടിൽ ഗോവിന്ദൻ ഒന്നും പറയുന്നില്ല.
എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മുഹമ്മദ് ഷർഷാദ് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല.
കത്ത് ചോർത്തിയതിൽ എം വി ഗോവിന്ദന്റെ മകൻ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷർഷാദ് മറുപടിയില് പറയുന്നു.
പിബിക്ക് നൽകിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്കുവെച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഷർഷാദ് വ്യക്തമാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]