
തിരുവനന്തപുരം: സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണ വിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരും. തൽക്കാലം പാലക്കാട്ടേക്ക് പോകില്ല.
പാലക്കാട്ടെ നേതാക്കളുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാഹുലിന്റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണൻ്റെ അഭിപ്രായം. മറ്റു പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുലിലൂടെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എംഎൽഎ സ്ഥാനം രാജിവെച്ച് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോൺഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതേസമയം, പാലക്കാട് നഗരത്തിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതീകാത്മകമായി രാഹുലിനെ ബിജെപി വനിതാ പ്രവർത്തകർ ചങ്ങലയ്ക്കിട്ട് വലിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അതിനിടെ, വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിലും രംഗത്തെത്തി. അതേസമയം, രാഹുലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എംഎൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലാണ് രാഹുൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എംപി സംരക്ഷണം തീർക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]