
ഇടുക്കി: ആനച്ചാൽ പോതമേട്ടിൽ ആനക്കൊമ്പുകളുമായി 2 പേര് വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി.
ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിനിടെ പ്രതികൾ വില്പനയ്ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. പള്ളിവാസൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വില്പന നടത്തുന്ന സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]