
തിരുവനന്തപുരം∙
സമയമാറ്റവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നാളെ മതസംഘനകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കാണു ചര്‍ച്ച.
ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണു നാളത്തേക്കു മാറ്റിയത്. സമസ്ത അടക്കം വിവിധ സംഘടനകള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു.
സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കു തയാറായത്. നിര്‍ദേശപ്രകാരം പഠനസമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതാണു സംഘനകളുടെ എതിര്‍പ്പിനിടയാക്കിയത്.
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് നടത്താനുള്ള തീരുമാനം മതപഠനത്തിനു തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അതേസമയം, സ്കൂള്‍ സമയമാറ്റം നിശ്ചയിച്ചത് കോടതി നിര്‍ദേശപ്രകാരമാണെന്നും ഇക്കാര്യം സംഘടനകളെ ബോധ്യപ്പെടുത്താനാണു ചര്‍ച്ചയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ഓഗസ്റ്റ് 5ന് കലക്ടറേറ്റുകള്‍ക്കു മുന്നിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത അറിയിച്ചിരുന്നു.
എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കുശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്.
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്.
തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം.
സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളില്‍ അര മണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. സമയം പുനഃക്രമീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]