
ഇപ്പോഴും അതീവ രഹസ്യമായി വി എസിന്റെ സ്വകാര്യ ശേഖരത്തില്‍ എവിടെയോ വിശ്രമിക്കുകയാണ് ഈ കത്തുകള്‍. വി എസ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത്, സിപിഎം ബീറ്റ് റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്യുമ്പോഴാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ കത്തുകള്‍ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു കാലഘട്ടം കഴിയുമ്പോള്‍ രഹസ്യ രേഖകള്‍ ഡി ക്ലാസിഫൈ ചെയ്യുന്നത് പോലെ വി എസ് അച്യുതാനന്ദന് പാര്‍ട്ടി നേതൃത്വത്തിനെഴുതിയ കത്തുകള്‍ എന്നെങ്കിലും പ്രസിദ്ധീകൃതം ആകുമെന്ന് ആശിക്കാം- ബി ശ്രീജന് എഴുതുന്നു പടപൊരുതി നേടിയ സാമ്രാജ്യം ഒറ്റയ്ക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള രാജാവായിരുന്നു 2006 മെയ് മാസം കേരളത്തിന്റെ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദന്.
കൂടെയുള്ള സേനാധിപന്മാര് യുദ്ധത്തിന് കരുത്തായിരുന്നുവെങ്കിലും വി എസിനെ രാജാവായി കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. ഒരു പിടി വിശ്വസ്തരുടെ മാത്രം സഹായത്താല്‍ താന്‍ മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ സംരക്ഷിക്കേണ്ട
ബാധ്യത- 82 -ാം വയസില്‍ ആദ്യമായി മുഖ്യമന്ത്രിയായ വി എസിന് അത് അധിക ഉത്തരവാദിത്തമായിരുന്നു. ഒപ്പമുള്ള മന്ത്രിമാര്‍ ഒക്കെയും പാര്‍ട്ടി നേതൃത്വത്തിന്റെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവര്‍.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സംഘം ചേര്‍ന്ന് അവഗണിക്കുക പലപ്പോഴും മന്ത്രിസഭയിലെ സിപിഎം നേതാക്കളുടെ പതിവായിരുന്നു. എന്നാല്‍ കീഴടങ്ങല്‍ വി എസിന് വശമുള്ള രീതിയല്ലായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിലും എല്ലാ ആഴ്ചയിലും ചേരുന്ന കാബിനറ്റ് ഫാക്ഷന്‍ യോഗങ്ങളിലും പിണറായി വിജയനും ടി ശിവദാസമേനോനും ചേര്‍ന്ന് വിഎസിന്റെ പല ആശയങ്ങളെയും വെട്ടിനിരത്തി. അന്നൊക്കെ പാര്‍ട്ടിയുടെ നിര്‍ദേശം അതേപടി നടപ്പാക്കുക എന്നതായിരുന്നു സിപിഎം മുഖ്യമന്ത്രിമാരുടെ കര്‍ത്തവ്യം.
അതുകൊണ്ടു തന്നെ മനസില്ലാ മനസോടെ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് തല കുലുക്കുന്ന മുഖ്യമന്ത്രി ആയി ചിലപ്പോഴെങ്കിലും അദ്ദേഹം മാറി. അപ്പോഴും, കടുത്ത വിയോജിപ്പുള്ള ആശയങ്ങള്‍ക്ക് കുട
പിടിയ്ക്കാന്‍ വി എസ് ഒരുക്കമായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കാന്‍ മടിച്ച ചില തീരുമാനങ്ങളെപ്പറ്റി, അല്ലെങ്കില്‍ ഇവിടെ അംഗീകരിച്ച ചില തീരുമാനങ്ങളുടെ നൈതികതയില്ലായ്മയെപ്പറ്റി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ വിയോജിപ്പ് അറിയിച്ചു.
തിരുത്തല്‍ ഉണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീണ്ട
കത്തുകള്‍ എഴുതുന്നത് വി എസ് ശീലമാക്കി. കൂടെ നില്ക്കുവാന് ആള്‍ബലം ഇല്ലാതായാല്‍ ആശയ പോരാട്ടങ്ങള്‍ക്ക് അക്ഷരങ്ങള്‍ കരുത്താവുമെന്ന് അദ്ദേഹം വിശ്വസിച്ചു.
കേന്ദ്ര നേതൃത്വത്തിന് വി എസ് എഴുതിയ ഓരോ കത്തും വസ്തുതകളാല്‍ അടിത്തറ പാകിയ കനപ്പെട്ട റിപ്പോര്‍ട്ടുകളായിരുന്നു.
താന്‍ എഴുതുന്ന കത്തുകള്‍ വൈകാരികമായ വാചകങ്ങളാല്‍ നിറച്ച് ഉപരിപ്ലവമായി വിഷയത്തെ സമീപിക്കുന്നവ ആകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അക്കാലത്ത് അദ്ദേഹത്തിന്റെ ഓഫിസില്‍ ഇന്ന് സാര്‍വത്രികമായ ഫാ്ക്ട് ചെക്കിങ് ഡിവിഷനു സമാനമായ ഒരു സംവിധാനം തന്നെ പ്രവര്‍ത്തിച്ചിരുന്നു.
ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ സമരമുഖം തുറക്കുന്നതായിരുന്നു ആ ശ്രേണിയിലെ വി എസിന്റെ ആദ്യ കത്ത്. ഭരണത്തിലേറി ആറു മാസം ആയപ്പോഴേക്കും ഐസക്കിന്റെ നയങ്ങളോട് ശക്തമായി വിയോജിച്ചുകൊണ്ടു വി എസ് ആദ്യ കത്ത് അയച്ചു.
2006 ഡിസംബറില്‍ കാരാട്ടിന് എഴുതിയ കത്തില്‍, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വായ്പ വാങ്ങി കേരള സുസ്ഥിര നഗര വികസന പദ്ധതി നടപ്പാക്കാന്‍ ധനകാര്യ, തദ്ദേശ ഭരണ വകുപ്പുകള്‍ നടത്തുന്ന ശ്രമത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തൊട്ടുമുന്‍പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് എഡിബി വിരുദ്ധ സമരം നയിച്ചതിന്റെ വീര്യം ഒട്ടും ചോര്ന്നിട്ടില്ലായിരുന്നു മുഖ്യമന്ത്രിക്ക്.
സംസ്ഥാനത്തിന്റെ താല്പര്യത്തേക്കാള് എ ഡി ബിയുടെ താല്പര്യമാണ് സഖാവ് തോമസ് ഐസക്കിന് പ്രിയമെന്ന് ആ കത്തില്‍ അദ്ദേഹം എഴുതി. ”ജനകീയാസൂത്രണ പദ്ധതിയുടെ സൂത്രധാരനായി പ്രാദേശിക സര്‍ക്കാരുകളെ സ്വയംഭരണ സംവിധാനമായി പരിവര്‍ത്തനം ചെയ്യാന്‍ അക്ഷീണം യത്നിച്ച അതെ സഖാവ് തന്നെ ഇപ്പോള്‍ ആ അധികാരങ്ങള്‍ എ ഡി ബിക്ക് നല്‍കാനായി ചരടുവലിക്കുകയാണ്,” വി എസ് എഴുതി.
ഐസക്കിന് ഒപ്പം ആ പദ്ധതിക്ക് കൂട്ടുനിന്ന തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയെയും വി എസ് നിശിതമായി വിമര്‍ശിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെതിരെയുള്ള പരാതികള്‍ ആയിരുന്നു കാരാട്ടിനുള്ള പല കത്തുകളിലെയും ഉള്ളടക്കം.
കോടിയേരി- വി എസ് തര്‍ക്കം പലപ്പോഴും പൊതുമണ്ഡലത്തിലും പ്രതിഫലിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ കണ്ണും നാവുമായി മന്ത്രിസഭയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് കോടിയേരിയായിരുന്നു.
വിജിലന്‍സ് മേധാവി ഋഷിരാജ് സിംഗ്, സഹപ്രവര്ത്തകന് ടോമിന് തച്ചങ്കരിയുടെ കുടുംബ ബിസിനസ് ഉന്നമിട്ടു നടത്തിയ റെയ്ഡും തുടര്‍ന്ന് വി എസും കോടിയേരിയും പരസ്യമായി ഇരു ചേരികളില്‍ നിലകൊണ്ടതും ഒക്കെ അന്നത്തെ ബ്രേക്കിംഗ് വാര്‍ത്തകള്‍ ആയിരുന്നു. ജി സുധാകരനെതിരെയും വി എസിന് പരാതികള്‍ ഉണ്ടായിരുന്നു.
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ശീലമുണ്ടായിരുന്നു മരാമത്ത് മന്ത്രി ജി സുധാകരന്. അതുള്‍പ്പെടെ സുധാകരന്റെ അപക്വ നിലപാടുകളെപ്പറ്റി വി എസ് നേതൃത്വത്തോട് രേഖാമൂലം പരാതി പറഞ്ഞിരുന്നു.
കോടിയേരിയെ വി എസ് ഏറ്റവും നിശിതമായി വിമര്‍ശിച്ചത് 2009 -ല്‍ ആയിരുന്നു. എസ് എന്‍ സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സി ബി ഐ ശുപാര്‍ശ മന്ത്രിസഭയുടെ മുന്നില്‍ വന്നപ്പോഴായിരുന്നു അത്.
”സിബിഐ പിണറായിയെ തെറ്റായി പ്രതി ചേര്‍ത്തിരിക്കുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് പരസ്യമായി പ്രസംഗിക്കുന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സി ബി ഐ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയില്‍ ആണ്. ജനങ്ങളെക്കൂട്ടി ഈ നീക്കം തടയണമെന്നാണ് ആഭ്യന്തര മന്ത്രി പാര്‍ട്ടി യോഗങ്ങളില്‍ പ്രസംഗിക്കുന്നത്.
തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സഖാവ് കോടിയേരി പരാജയപ്പെടുകയാണ്,” വി എസ് എഴുതി. കുറ്റവിചാരണ നേരിടാന്‍ പോകുന്ന പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കണമെന്നും വി എസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നതും ഇതേ കത്തില്‍ ആണ്.
തന്റെ അനുയായികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതൃത്വം എടുത്ത അച്ചടക്ക നടപടികള്‍ക്ക് നേരെയും വി എസിന്റെ രോഷം ഉയര്‍ന്നിരുന്നു. 2007 ഒക്ടോബര്‍ 29-ന് വി എസ് പ്രകാശ് കാരാട്ടിന് എഴുതി: ”പ്രിയപ്പെട്ട
സഖാവ് പ്രകാശ്, കൊളോണിയല്‍ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളാകുന്നവരുടെ ശവശരീരം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് ബ്രിട്ടീഷ് പട്ടാളത്തിനുണ്ടായിരുന്നു. അവരുടെ ഉദ്ദേശ്യം ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക തന്നെയായിരുന്നു.
നമ്മുടെ ആയിരക്കണക്കിന് സഖാക്കള്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണവുമില്ലാതെ ഈ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടികളുടെ ഉദ്ദേശവും ലക്ഷ്യവും മറ്റൊന്നല്ല.
അതിന്റെ ഫലമായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യ പ്രക്രിയ ആകെ തകരാറിലായിരിക്കുകയാണ്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തൊഴിലാളി വര്‍ഗ വിരുദ്ധ താല്പര്യങ്ങള് നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന വിധത്തിലും ഈ ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്,”.
ആ നീണ്ട കത്തില്‍ അദ്ദേഹം തുടര്‍ന്നെഴുതുന്നത് 2008 കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ നടന്ന വെട്ടിനിരത്തല്‍ നടപടികളെപ്പറ്റിയാണ്.
മുതിര്‍ന്ന സഖാക്കളെ പുറത്താക്കിയ പട്ടികയും ക്രമക്കേട് നടന്ന ഏരിയ സമ്മേളനങ്ങളുടെ പട്ടികയും ഒക്കെ അനുബന്ധമായി ചേര്‍ത്ത കത്ത്, ഓരോ കേസിലും നടന്നിട്ടുള്ള അന്യായം എന്തെന്ന് പ്രത്യേകമായി നിര്‍വചിക്കുന്നുമുണ്ട്. ”പാര്‍ട്ടി ഭരണ ഘടനയെയും സമ്മേളന പ്രമേയങ്ങളെയും പോളിറ്റ് ബ്യുറോ നിര്‍ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതിയിലെ പ്രവര്‍ത്തനമാണ് സംസ്ഥാന നേതൃത്വം കാഴ്ച വയ്ക്കുന്നത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനം അംഗീകരിച്ച ജനാധിപത്യ രീതികളെയൊക്കെ നഗ്നമായി ലംഘിക്കുന്ന ഈ നടപടികളെ ഒരു നിമിഷം പോലും അംഗീകരിക്കാനാവില്ല,” 2006 ഡിസംബര്‍ 30-ന് പ്രകാശ് കാരാട്ടിന് അയച്ച കത്തില്‍ വി എസ് എഴുതി. ആ വര്‍ഷം ജൂലൈ 19 മുതല്‍ 21 വരെ പി ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സമ്മേളന പ്രക്രിയയുമായി ബന്ധപ്പെട്ട് സഖാക്കള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.
ആ തീരുമാനത്തിന്റെ വ്യാപകമായ ലംഘനം പിബിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനായിരുന്നു ഈ കത്ത്. മന്ത്രിസഭയിലെ പ്രശ്നങ്ങളുമായും ഉള്‍പ്പാര്‍ട്ടി വഴക്കുകളുമായി ബന്ധപ്പെട്ട
കത്തുകള്‍ കഴിഞ്ഞാല്‍ വി എസ് ഏറ്റവുമധികം എഴുതിയത് ദേശാഭിമാനിയെപ്പറ്റിയുള്ള വിഷയങ്ങളാണ്. ഒരു കാലത്ത് താന്‍ മുഖ്യ പത്രാധിപര്‍ ആയിരുന്ന പാര്‍ട്ടി പത്രത്തിന്റെ അപചയവും വ്യതിയാനവും ഒട്ടുമേ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ദേശാഭിമാനി വിഷയത്തില്‍ വി എസ് എഴുതിയ തുടര്‍ച്ചയായ കത്തുകള്‍ തൊഴിലാളികളുടെ വിയര്പ്പിനാല് കെട്ടിപ്പടുത്ത പത്രം എങ്ങനെയാണ് മുതലാളിത്ത രീതികളിലേക്ക് വഴുതി മാറിയെന്നതിനുള്ള ചരിത്ര രേഖയാണ്. മലപ്പുറം സമ്മേളനത്തിന് പിന്നാലെ ദേശാഭിമാനിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി പിണറായി വിജയന് ഇ പി ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ ആയി നിയമിച്ചു.
ആ നിയമനത്തോടൊപ്പം കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമായി അമിത അധികാരങ്ങളും അദ്ദേഹത്തിന് നല്കി. ഇത് ചോദ്യം ചെയ്ത് 2005 നവംബര്‍ 28-ന് പ്രകാശ് കാരാട്ടിന് അയച്ച കത്തില്‍ അമിതാധികാരം ഇപിക്ക് കല്പിച്ചു നല്കാന് എടുക്കാത്ത തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി മിനിട്സില്‍ എഴുതിച്ചേര്‍ത്തുവെന്ന് വി എസ് ആരോപിക്കുന്നുണ്ട് : ”ദേശാഭിമാനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജനറല്‍ മാനേജര്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ഉള്ളതായി കണക്കാക്കണം – എന്നൊരു പ്രമേയം ജൂലൈ നാലിന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി കൈക്കൊണ്ടതായി പിണറായി വിജയന് ഒപ്പിട്ട
രേഖയില്‍ പറയുന്നു. അത്തരമൊരു തീരുമാനം സംസ്ഥാന കമ്മിറ്റി എടുത്തിട്ടില്ലെന്ന് മാത്രമല്ല ജനറല്‍ മാനേജര്‍ക്ക് പത്രവുമായി ബന്ധപ്പെട്ട് എന്ത് തീരുമാനവും കൈക്കൊള്ളാമെന്ന അധികാരം ആദ്യമായാണ് ഒരാള്‍ക്ക് നല്‍കുന്നതും.
ഇ കെ നായനാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോയപ്പോള്‍ സഖാവ് പി കണ്ണന് നായരെ പ്രസാധകനായി നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി 1976 ഒക്ടോബര്‍ 29 -ന് പാസാക്കിയ പ്രമേയത്തില്‍ അമിതാധികാരമൊന്നും കണ്ണന് നായര്‍ക്ക് നല്‍കിയിട്ടില്ല.
1990 മാര്‍ച്ച് ആറിന് എ പി വര്‍ക്കിയെ പ്രസാധകന് ആയി നിയമിച്ചപ്പോഴും 1990 ഓഗസ്റ്റ് 14-ന് സഖാവ് പി കരുണാകരനെ ജനറല്‍ മാനേജര്‍ ആയി നിയമിച്ചപ്പോഴും ഇത്തരമൊരു വകുപ്പ് പ്രമേയത്തില്‍ ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സഖാക്കള്‍ കണ്ണന് നായര്‍ക്കും എ പി വര്‍ക്കിക്കും പി കരുണാകരനും നല്‍കാതിരുന്ന, പരിധികള്‍ ഇല്ലാത്ത അധികാരം സഖാവ് ഇ പി ജയരാജന് നല്‍കുന്നത് പാര്‍ട്ടിയോട് ചെയ്യുന്ന കൊടും വഞ്ചനയാണ്,” വി എസ് എഴുതി.
പിന്നീട് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി ബോണ്ട് കൈപ്പറ്റിയ സമയത്തും ലിസ് എന്ന സമ്പാദ്യ പദ്ധതിയില്‍ നിന്ന് ദേശാഭിമാനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോഴും ചെന്നൈയിലെ ആര് എം പി ഇന്‍ഫോടെക് എന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ദേശാഭിമാനി വാര്ഷികാഘോഷത്തിനു സ്പോണ്‍സര്‍ഷിപ് തേടിയ സമയത്തുമൊക്കെ അതിരൂക്ഷ ഭാഷയില്‍ വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തുകള്‍ എഴുതിയിരുന്നു. ”മണി ചെയിന്‍ എന്ന കപട
കച്ചവടത്തിലൂടെ തൃശ്ശൂരും പാലക്കാടുമൊക്കെ നൂറു കണക്കിന് ആള്‍ക്കാരെ ചതിച്ച ഒരു കറക്കു കമ്പനിയാണ് ആര് എം പി ഇന്‍ഫോടെക്. ഈ കമ്പനിയുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള പരാതികള്‍ ദേശാഭിമാനി തന്നെ വാര്‍ത്തയായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പകര്‍പ്പുകള്‍ ഒപ്പം ചേര്‍ക്കുന്നു).
തങ്ങള്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ച അത്തരമൊരു കറക്കു കമ്പനിയുടെ സ്പോണ്‍സര്‍ഷിപ് ദേശാഭിമാനി തൃശൂര്‍ എഡിഷന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി സ്വീകരിച്ചുവെന്നത് തീര്‍ത്തും സംശയാസ്പദമാണ്. 2005 സെപ്റ്റംബര്‍ നാലിന് നടന്ന വാര്‍ഷിക ദിനാഘോഷം സ്പോണ്സര് ചെയ്യാന്‍ അഞ്ച് ലക്ഷം രൂപയാണ് ആര് എം പി നല്‍കിയതെന്ന് ഞാന്‍ മനസിലാക്കുന്നു,” വി എസ് എഴുതി.
ഇതേ കത്തിലൂടെ തന്നെ ആര് എം പി ഇന്‍ഫോടെക്കും ദേശാഭിമാനിയും തമ്മിലുണ്ടാക്കിയ ഒരു അവിശുദ്ധ സഖ്യത്തിന്റെ വിശദാംശങ്ങളും വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നുണ്ട്. കേരളത്തില്‍ 1,45,000 ഏജന്റുമാര്‍ ഉള്ള ആര് എം പി അത്രയുമെണ്ണം വാര്‍ഷിക വരിക്കാരെ ദേശാഭിമാനിക്ക് ചേര്‍ത്തു നല്‍കാമെന്നും പകരം കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ രീതിയിലെ വാര്‍ത്തകള്‍ ദേശാഭിമാനി എഴുതണമെന്നും നിര്‍ദേശിക്കുന്ന ഒരു കരാര്‍ കമ്പനിയും ദേശാഭിമാനിയും തമ്മില്‍ ഏര്‍പ്പെട്ടിരുന്നു.
”ഇത്തരമൊരു കരാര്‍ ഇന്ത്യയില്‍ ഒരു പത്രവും ഒരു സ്വകാര്യ സ്ഥാപനവുമായി ഏര്‍പ്പെട്ടിട്ടുള്ളതായി അറിവില്ല. ഇത്രമാത്രം അപകടകരവും പാര്‍ട്ടി വിരുദ്ധവുമായ നടപടി നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ അടിവേരിളക്കുന്നതാവും.
ഈ തീരുമാനം എടുക്കുന്നതിനു മുന്‍പ് പാര്‍ട്ടിയില്‍ ഒരു ഘടകത്തിലും ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നത് ഞെട്ടല്‍ ഉളവാക്കുന്നു,” വി എസ് എഴുതി. ലിസ് വിഷയത്തിലെ ദീര്‍ഘമായ കത്ത് വി എസ് എഴുതുന്നത് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിക്കുമ്പോഴാണ്.
2006-ല്‍ വഞ്ചനാ കേസില്‍ പെട്ട് പൂട്ടിപ്പോയ കമ്പനിയെ സഹായിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ അക്കമിട്ടു പറയുന്നതാണ് ആ കത്ത്. ‘2006 മേയില്‍ തിരഞ്ഞെടുപ്പ് കാലത്ത് സൗത്ത് സോണ്‍ ഐ ജി ടിപി സെന്‍കുമാറാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്.
എന്നാല്‍ എല്‍ ഡി എഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ സെന്‍കുമാറിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റി. നമ്മുടെ പാര്‍ട്ടി നേതൃത്വത്തിലെ പലരുടെയും അടുപ്പക്കാരനായ എം കെ ദാമോദരന്‍ പെട്ടെന്ന് ലിസിന്റെ അഭിഭാഷകനായി നിയോഗിക്കപ്പെട്ടു,” വി എസ് എഴുതി.
മുഖ്യമന്ത്രി ആയിരുന്ന അഞ്ചു വര്‍ഷത്തില്‍ അറുപതിലധികം കത്തുകള്‍ ഇങ്ങനെ വി എസ് കാരാട്ടിന് അയച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷ തയാറായാല്‍ ആദ്യം കാരാട്ടിന് കത്തുകള്‍ ഇ -മെയില്‍ ചെയ്യും.
പിന്നാലെ പ്രിന്റ് എടുത്ത് ഒപ്പിട്ട് ദൂതര്‍ വശമോ നേരിട്ടോ കാരാട്ടിന് എത്തിക്കും. അതായിരുന്നു രീതി.
പാര്‍ട്ടി മുന്‍കൈയെടുത്ത പല വിവാദ തീരുമാനങ്ങളും തിരുത്തിക്കാന്‍ വി എസിന്റെ കത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്; അതുപോലെ തന്നെ ന്യായമായ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ആശങ്കകള്‍ നേതൃത്വം അവഗണിച്ചിട്ടുമുണ്ട്. തന്നെ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിനുള്ളില്‍ നടന്ന സംഘടിത ശ്രമങ്ങളെ ചെറുത്ത് അഞ്ചു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വി എസിനു കഴിഞ്ഞതിനു പിന്നില്‍ ഈ കത്തുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നതാണു സത്യം.
മിക്കപ്പോഴും വി എസ് തന്നെയാണ് കത്തുകള്‍ മലയാളത്തില്‍ പറഞ്ഞു കൊടുത്തിരുന്നത്. ഇംഗ്ലീഷ് പരിഭാഷ ഒപ്പമുണ്ടായിരുന്ന ആരെങ്കിലും തയാറാക്കുമായിരുന്നു.
ഏഴാം ക്ളാസ് വരെ മാത്രം പഠിച്ച, പാടത്തു പണിയെടുത്തിരുന്ന നിരക്ഷരരായ തൊഴിലാളികള്‍ക്കായി സംഘടന കെട്ടിപ്പടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരു നേതാവ് തന്റെ പ്രായം എണ്‍പതുകളില്‍ എത്തി നില്ക്കവേ അക്ഷരങ്ങളെ ആയുധമാക്കി തുറന്ന ഈ സമര മുഖം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വമായ ഒരു ഏടാണ്. ഇപ്പോഴും അതീവ രഹസ്യമായി വി എസിന്റെ സ്വകാര്യ ശേഖരത്തില്‍ എവിടെയോ വിശ്രമിക്കുകയാണ് ഈ കത്തുകള്‍.
വി എസ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത്, സിപിഎം ബീറ്റ് റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്യുമ്പോഴാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ കത്തുകള്‍ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു കാലഘട്ടം കഴിയുമ്പോള്‍ രഹസ്യ രേഖകള്‍ ഡി ക്ലാസിഫൈ ചെയ്യുന്നത് പോലെ വി എസ് അച്യുതാനന്ദന് പാര്‍ട്ടി നേതൃത്വത്തിനെഴുതിയ കത്തുകള്‍ എന്നെങ്കിലും പ്രസിദ്ധീകൃതം ആകുമെന്ന് ആശിക്കാം.
ഉള്‍പാര്‍ട്ടി ജനാധിപത്യം സംരക്ഷിക്കാനും സി പി എമ്മിന്റെ ആശയദൃഢത കാക്കാനുമായി പാര്‍ട്ടിയുടെ സ്ഥാപക അംഗം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ ചരിത്രം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അമൂല്യമായ ഒരു പാഠമാവുമെന്ന് ഉറപ്പാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]