
കൊട്ടിയൂർ ∙
ഇടുങ്ങിയ റോഡിലൂടെ ചെങ്കുത്തായ കയറ്റം കയറിപ്പോകുമ്പോൾ പതിവു യാത്രക്കാരല്ലാത്തവർ ഒന്നു ഭയക്കും. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിലൂടെയുള്ള യാത്ര സാഹസികമാണ്.
വീതി കുറഞ്ഞ, കൊടുംവളവുകൾ നിറഞ്ഞ റോഡിലൂടെ വാഹനം ഓടിക്കുന്നതു തന്നെ വലിയ അഭ്യാസമാണ്. ഈ വഴിയിലൂടെയാണ് ചെങ്കല്ലു കയറ്റിയ ലോറികളും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും കടന്നു പോകുന്നത്.
കൊട്ടിയൂർ ഉത്സവകാലം കൂടിയാകുന്നതോടെ വാഹനപ്പെരുപ്പം മൂലം ഈ വഴിയുള്ള യാത്ര ഏറെക്കുറെ നിശ്ചലമാകും.
ഇതിനിടെയാണ് മഴക്കാലത്ത് മണ്ണിടിഞ്ഞ് ഇടയ്ക്കിടെ ഗതാഗതം മുടങ്ങുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മണ്ണിടിഞ്ഞ് റോഡ് പൂർണമായും അടഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് വൻ പാറകൾ ഉൾപ്പെടെ പൊട്ടിച്ചുനീക്കി റോഡ് ഗതാഗതയോഗ്യമാക്കിയത്. രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
പാൽചുരത്തിലെ ഗതാഗത പ്രശ്നത്തിനുള്ള പരിഹാരം കയ്യെത്തുംദൂരത്തുണ്ടെങ്കിലും സർക്കാരിനു താൽപര്യമില്ല. പതിറ്റാണ്ടുകളായി ഇരു ജില്ലകളിലെയും ആളുകൾ ബദൽ റോഡ് എന്ന ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിട്ടും അതിന്റെ ഫയൽ എവിടെയോ ‘ഉറക്ക’ത്തിലാണ്.
പഴയ പാത; ദൂരം എട്ടു കിലോമീറ്റർ
പാൽചുരത്തിനു ബദലായി എട്ടു കിലോമീറ്ററുള്ള ഒരു പാത നിലവിലുണ്ട്.
ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുകയേ വേണ്ടൂ. വാഹനസഞ്ചാരമുണ്ടായിരുന്ന ഈ റോഡ്, വനംവകുപ്പു തടസ്സം നിന്നതോടെയാണ് അടച്ചത്.
1973 ലാണ് റോഡ് നിർമിക്കാൻ വനംവകുപ്പ് കൊട്ടിയൂർ പഞ്ചായത്തിന് വനഭൂമി പാട്ടത്തിനു നൽകിയത്. ഈ സ്ഥലത്തുകൂടി 8 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് വാഹനങ്ങൾ ഓടിത്തുടങ്ങി.
ഇടക്കാലത്ത് അനുമതി റദ്ദായെങ്കിലും 1978 ൽ വീണ്ടും അനുമതി നൽകി. 1981 വരെ പാട്ടത്തുകയടച്ചു.
പിന്നീട് പാട്ടമെടുക്കുന്നതു നിർത്തി. 1982 വരെ ഇതുവഴി ഗതാഗതമുണ്ടായിരുന്നങ്കിലും പിന്നീടു വനംവകുപ്പ് തടഞ്ഞു.
ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിയിരുന്ന റോഡാണ് ഇതോടെ കാടുമൂടിപ്പോയത്. റോഡ് അടഞ്ഞുപോകാൻ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകമായിരുന്നു.
1.3 കിലോമീറ്റർ വനഭൂമിയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് റോഡിന് വനംവകുപ്പ് തടസ്സം നിൽക്കുന്നത്.
നിലവിലുള്ള പാൽച്ചുരം വഴി തലപ്പുഴ നാൽപത്തിരണ്ടിൽനിന്ന് അമ്പായത്തോട്ടിലെത്താൻ 6.45 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. ചുരമില്ലാ ബദൽപാത യാഥാർഥ്യമായാൽ തലപ്പുഴ 44-ാം മൈലിൽനിന്ന് 8.35 കിലോമീറ്റർ കൊണ്ട് അമ്പായത്തോട്ടിലെത്താം.
കൊട്ടിയൂരിൽനിന്നു മാനന്തവാടിയിലേക്കുള്ള യാത്രാദൂരം രണ്ടു കിലോമീറ്ററോളം കുറയും.
പാൽച്ചുരത്തു ചെറുതാകുന്ന റോഡ്
നിർദിഷ്ട മട്ടന്നൂർ വിമാനത്താവളം- മാനന്തവാടി നാലുവരിപ്പാതയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുകയാണ്.
ഈ പാതയിൽ അമ്പായത്തോട്ടിൽനിന്നു പാൽച്ചുരം കടന്ന് മാനന്തവാടി വരെ രണ്ടുവരിപ്പാത നിർമിക്കാനാണ് തീരുമാനം. പാൽചുരം എത്തുമ്പോഴേക്കും റോഡിന്റെ വീതി പകുതിയായി കുറയും.
മട്ടന്നൂരിൽനിന്ന് അമ്പായത്തോടു വരെയുള്ള 40 കിലോമീറ്റർ ദൂരത്തിൽ, 24 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ നടക്കുകയാണ്. ഇതിനു മുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
പാൽചുരം വീതി കൂട്ടുക എന്നത് പ്രായോഗികമല്ല. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന പാറക്കെട്ടുകൾ പൊട്ടിച്ച് വീതി കൂട്ടിയാൽ അത് കൂടുതൽ അപകടങ്ങൾക്കായിരിക്കും വഴിതുറക്കുന്നത്.
ഏതു നിമിഷവും യാത്ര മുടങ്ങാവുന്ന പാൽച്ചുരം
ഏതുസമയത്തും അപകടമുണ്ടാവാൻ സാധ്യതയുള്ള പാൽച്ചുരം റോഡിനെയാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലേക്കു പോകാൻ വയനാട്ടുകാർ കൂടുതലായും ആശ്രയിക്കുന്നത്.
മാനന്തവാടിയിൽനിന്നു ബോയ്സ് ടൗൺ വരെയും അമ്പായത്തോടുനിന്നു മട്ടന്നൂരിലേക്കും നല്ല റോഡുണ്ട്. ഇതിനിടയിലാണ് തീർത്തും ദുർഘടമായ അഞ്ചു ഹെയർപിൻ വളവുകളുള്ള പാൽച്ചുരം.
ഒരുഭാഗം ചെങ്കുത്തായ മലയും മറുഭാഗം അഗാധമായ കൊക്കയുമുള്ള റോഡിൽ വാഹനാപകടം പതിവാണ്.
മതിയായ സുരക്ഷാവേലികൾ പോലും റോഡിലില്ല. അതിനാൽ ബദൽ പാത നിർമിക്കുകയാണ് ശാശ്വതമായ പരിഹാരം.
മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയും കുറവാണ്. മാത്രമല്ല വലിയ വാഹനങ്ങൾക്ക് പ്രയാസം കൂടാതെ ഇതുവഴി കടന്നുപോകാനും സാധിക്കും.
2009ൽ ബദൽ റോഡ് നവീകരിക്കുന്നതിന് 14 കോടി രൂപ സർക്കാർ നീക്കിവച്ചെങ്കിലും ഒന്നുമുണ്ടായില്ല.
എളുപ്പത്തിൽ തീർക്കാവുന്ന റോഡ്
ബദൽപാത വളരെയെളുപ്പം തീർക്കാവുന്നതാണെന്ന് മലയോര വികസന ജനകീയ സമിതി പ്രവർത്തകൻ ബാബു ജോസഫ് പറഞ്ഞു. വനംവകുപ്പ് പാട്ടം റദ്ദാക്കിയിട്ടില്ലാത്തതിനാൽ റോഡ് ഇപ്പോഴും നിലവിലുണ്ട്.
എന്തുകൊണ്ടാണ് പാട്ടം എടുക്കാത്തതെന്ന് വനംവകുപ്പിൽ അന്വേഷിച്ചപ്പോൾ 1980ലെ വന നിയമപ്രകാരമാണെന്നാണ് മറുപടി കിട്ടിയത്. എന്നാൽ ഈ നിയമം വരുന്നതിനു മുൻപു തന്നെ റോഡുണ്ടായിരുന്നു.
നിലവിൽ സംസ്ഥാന സർക്കാരിനു തന്നെ തീരുമാനമെടുത്ത് റോഡ് പണി ആരംഭിക്കാവുന്നതേയുള്ളു.
മട്ടന്നൂർ വിമാനത്താവളത്തിലേക്കും കൊട്ടിയൂർ ക്ഷേത്രത്തിലേക്കും വയനാട് വഴി കർണാടകയിൽ നിന്നുൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് എത്തുന്നത്. കഴിഞ്ഞ മാസം കൊട്ടിയൂർ ഉത്സവത്തിന് 7 മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് നീണ്ടത്.
പാൽചുരം വീതി കൂട്ടൽ പ്രായോഗികമല്ലാത്തതിനാൽ ബദൽ റോഡ് നന്നാക്കുകയാണ് ഏറ്റവും എളുപ്പമുള്ള പരിഹാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]