
ചെന്നൈ∙ ഭർതൃപിതാവ് മോശമായി പെരുമാറിയെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് യുവതി തീകൊളുത്തി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് മരിച്ചത്.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രഞ്ജിത മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയിൽ ഭർതൃപിതാവ് തന്നോടു മോശമായി പെരുമാറിയെന്ന് രഞ്ജിത ആരോപിക്കുന്നു. ‘ഭർതൃപിതാവ് എന്നെ കെട്ടിപ്പിടിച്ചു.
എനിക്കത് അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത്’–രഞ്ജിത പറയുന്നു.
ഭർതൃപിതാവ് മോശമായി പെരുമാറുന്ന കാര്യം ഏഴാം ക്ലാസിൽ പഠിക്കുന്ന മകനോടും രഞ്ജിത പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയിൽ രഞ്ജിതയുടെ മകനും ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ട്.
ഭർതൃപിതാവിൽനിന്നുള്ള ലൈംഗികാതിക്രമത്തിനു പുറമേ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം രഞ്ജിതയെ പീഡിപ്പിച്ചിരുന്നതായി രഞ്ജിതയുടെ സഹോദരി അളഗസുന്ദരി പറഞ്ഞു.
‘13 വർഷമായി പീഡനം തുടരുകയായിരുന്നു. അവർ കൂടുതൽ ഭൂമിയും സ്വർണവും ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
അവളുടെ ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് അവൾ സൂചിപ്പിച്ചിട്ടുണ്ട്.
ഭർത്താവ് മദ്യപിച്ചു വന്ന് അവളെ മർദിക്കും. അവളെ വീട്ടിലേക്കു വരാൻ അവർ അനുവദിച്ചിരുന്നില്ല.
വീട്ടിൽ വന്നാൽ തിരികെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി’–അളഗസുന്ദരി പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]