
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി സഖാവ് വി എസ് അച്യുതാനന്ദന് ഇനി ഓര്‍മ്മ. മുദ്രാവാക്യം വിളികളോടെ സഖാവിനെ രാഷ്ട്രീയ കേരളം യാത്രയാക്കി.
സഖാവിന്റെ ചിത രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ കത്തിയടങ്ങി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയതെന്നും വിഎസ് എന്തായിരുന്നെന്ന് ജനാവലി തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പിണറായി വിജയന്റെ ഫേസ്പുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.
ജനകോടികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ലാൽസലാം വിളികൾ സഖാവ് വിഎസിനെ യാത്രയാക്കി. സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തിൽ നിന്നായിരുന്നു.
ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല.
എല്ലാ അർത്ഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വിഎസ്. നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം.
ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താൻ മറ്റൊന്നുമില്ല.
ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്. പുന്നപ്ര വയലാറിൻ്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണിൽ;സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണൽത്തിട്ടയിൽ; വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്.
സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്ഠങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്.
സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല. ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്.
ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വിഎസ്. സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാൻ ഉണ്ട്.
എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങൾ സാർത്ഥകമാകാൻ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തിൽ ഒരു വഴിവിളക്കായി; ഊർജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്.
വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ല. പ്രിയപ്പെട്ട
സഖാവേ വിട. തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]