
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അംഗീകരിക്കുകയാണോ? സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി ∙ സംസ്ഥാന സർക്കാർ തന്നെ അന്ധവിശ്വാസങ്ങളും ദുരാചാര പ്രക്രിയകളും അംഗീകരിച്ചു നൽകുകയാണോ എന്ന് ഹൈക്കോടതി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർമാർജനം ചെയ്യാനുള്ള നിയമ നിർമാണത്തിൽനിന്ന് പിന്മാറുകയാണെന്നു സംസ്ഥാന സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇത്തരത്തിലൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നതെന്നും നിയന്ത്രണ നടപടികൾ വ്യക്തമാക്കി ഉന്നത ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ സത്യവാങ്മൂലം നൽകാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ആഭിചാരങ്ങളും ദുർമന്ത്രവാദവും ദുരാചാരങ്ങളും ചെറുക്കുന്നതിനുള്ള നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കെ.ടി.
തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ‘ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ- 2019’ എന്ന ബിൽ പാസാക്കുക എന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഇത്തരമൊരു ബിൽ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ 2023 ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗം ഈ ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ല എന്നു തീരുമാനിച്ചെന്നു സർക്കാർ വ്യക്തമാക്കി.
ഇത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ഇടപെടൽ ഉണ്ടാവേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെയാണ്, അന്ധവിശ്വാസവും ആഭിചാര പ്രക്രിയകളുമൊക്കെ അംഗീകരിച്ചു നൽകുകയാണോ സംസ്ഥാന സർക്കാർ എന്ന് കോടതി വാക്കാൽ ചോദിച്ചത്. കോടതിക്ക് നിയമനിർമാണത്തിന് നിർബന്ധിക്കാൻ പറ്റില്ലെങ്കിലും യാതൊരു തരത്തിലുള്ള ഇടപെടലും പാടില്ല എന്നല്ല അതിനർഥം.
നിയമനിർമാണം ഇല്ലെങ്കില് ഇത്തരം കാര്യങ്ങൾക്കുള്ള നിയന്ത്രണ നടപടികൾ എന്താണെന്ന് വിശദമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. ദുരാചാരങ്ങളെ അംഗീകരിച്ചു മുന്നോട്ടു പോകാം എന്നാണോ നിലപാട് എന്നും കോടതി ആരാഞ്ഞു.
ഇത്തരം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള മറുപടി സത്യവാങ്മൂലമല്ല സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ മറുപടി സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയും കർണാടകയും പാസാക്കിയ അന്ധവിശ്വാസ, അനാചാര നിർമാർജന ബില്ലിനു സമാനമായി കേരളവും ബില്ല് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതുസംന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും ചോദ്യങ്ങൾ ഉയർന്നപ്പോൾ പഴയ ബില്ലിനു പകരം നിയമനിർമാണം നടത്തുന്ന കാര്യങ്ങളിൽ ചർച്ചകൾ നടത്തി വരികയാണെന്നാണു സർക്കാർ നിലപാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]