
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തിന് പാര്‍ട്ടി നൽകേണ്ടി വന്നത് കനത്ത വിലയാണെന്നാണ് വിമര്‍ശനം. വിശ്വസനീയമായ മറുപടി മുഖ്യമന്ത്രി നൽകിയില്ലെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ മുഖ്യകാരണമായെന്നുമാണ് യോഗത്തിൽ നേതാക്കളുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉണ്ടായത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം ഇടത് സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും ഇടയാക്കിയെന്ന് വിമര്‍ശിക്കപ്പെട്ടു. 30 പേരാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞത്. അഞ്ച് പേര് തങ്ങളുടെ അഭിപ്രായം എഴുതി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും ഹൈബി ഈഡനെതിരായ സ്ഥാനാർത്ഥി ശക്തയായിരുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കോടിയേരി ബാലകൃഷ്ണൻ്റെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ അതിൽ പാർട്ടിക്കും തനിക്കും പങ്കില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ്റേത് മാതൃകാപരമായ നിലപാടായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. മകൾക്കെതിരെയും, കരിമണൽ കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ചും ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ല. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട ആവശ്യമില്ലാത്ത വാക്കുകളാണെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു.
Last Updated Jun 23, 2024, 9:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]