
ബെംഗളൂരു: തെലങ്കാനയിൽ ഗോത്രവനിതയ്ക്ക് നേരെ ക്രൂരമായ ആൾക്കൂട്ടവിചാരണയും മർദ്ദനവും. മോഷണക്കുറ്റം ആരോപിച്ചാണ് ഇരുപത്തിയേഴുകാരിയായ സ്ത്രീയെ സ്വന്തം സഹോദരിയടക്കമുള്ള ആൾക്കൂട്ടം ക്രൂരമായി ഉപദ്രവിച്ചത്. യുവതിയുടെ കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടും സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചും പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നാല് പേരെ നാഗർ കുർണൂൽ പൊലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ മൊളച്ചിന്തലപ്പള്ളിയെന്ന ഗ്രാമത്തിൽ ചെഞ്ചു ഗോത്രവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്താണ് സംഭവം. ജൂൺ ആദ്യവാരം രണ്ട് ദിവസങ്ങളിലായി യുവതിയെ ആൾക്കൂട്ടം വളഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. സ്വന്തം സഹോദരിയും സഹോദരീ ഭർത്താവും മറ്റ് രണ്ട് അയൽവാസികളുമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. കാഴ്ചക്കാരായി നിൽക്കുന്ന നാട്ടുകാരിൽ ചിലരും യുവതിയെ മർദ്ദിക്കുന്നുണ്ട്. വടി കൊണ്ടടിക്കുന്നതും സാരി വലിച്ച് അഴിച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിടുന്നത്.
മറ്റൊരു ദിവസം സാരിയിൽ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതോടെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ട്. യുവതിയുടെ കുഞ്ഞുങ്ങൾക്കും ഇതെല്ലാം കണ്ട് നിൽക്കേണ്ടി വന്നു. സ്ഥലത്തെ ആദിവാസി അവകാശസംരക്ഷണപ്രവർത്തർ ഈ വിവരം പുറത്തെത്തിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ സഹോദരി ലക്ഷ്മമ്മ, ഭർത്താവ് ലിംഗസ്വാമി, അയൽക്കാരായ ബണ്ടി വെങ്കടേശ്, ഭാര്യ ശിവമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Last Updated Jun 23, 2024, 1:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]