
7:48 AM IST:
പാർട്ടി ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മന്ത്രി വീണ ജോർജ്ജിന്റെ ഭർത്താവിനെതിരായ ആരോപണങ്ങൾ വിഴുങ്ങി മുതിർന്ന നേതാവും സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെകെ ശ്രീധരൻ. വിവാദ റോഡിന്റെ അലൈൻമെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരൻ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് തലയൂരാൻ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ മലക്കം മറിച്ചിൽ.
7:48 AM IST:
നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
7:47 AM IST:
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
7:47 AM IST:
പാലക്കാട് ജില്ലയിൽ സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമാന്തര നീക്കവുമായി നേതാക്കൾ രംഗത്ത്. ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.
7:47 AM IST:
അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും.
7:46 AM IST:
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ബീഹാർ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.