
പത്തനംതിട്ട ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതി രാധാകൃഷ്ണപിള്ളയെ കോടതി റിമാൻഡ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത് പ്രാണരക്ഷാർത്ഥമാണെന്ന് പെൺകുട്ടിയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ അമ്മ രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചു. ഇയാളുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി അസഭ്യവർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു.
പ്രതിക്കെതിരെ നിയമപരമായി മുന്നോട്ടു പോകും. ഇനിയൊരു പെൺകുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്. തനിക്കെതിരെ കേസെടുക്കുന്നതിൽ ആശങ്കയില്ലെന്നും അമ്മ പറഞ്ഞു. ബസ്സിലെ അതിക്രമവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ രാധാകൃഷ്ണപിള്ളയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. പെൺകുട്ടിക്ക് ആവശ്യമെങ്കിൽ കൗൺസിലിങ്ങിന് പോലീസ് ശുപാർശ ചെയ്യും.
Read Also:
രാധാകൃഷ്ണപിള്ളയുടെ പരാതിയിൽ അമ്മയ്ക്കെതിരെ ഉടൻ കേസെടുക്കേണ്ട എന്നാണ് പോലീസ് തീരുമാനം. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകണം.15 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
Story Highlights : accused was remanded in Pathanamthitta KSRTC bus girl abuse case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]