
‘കല്ലില്ലെങ്കിൽ കടലിലേക്ക്’: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; കടലിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കാലവർഷം എത്തിയതോടെ രൂക്ഷമായ ചെല്ലാനം മേഖലയിൽ കടലിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍. ചെല്ലാനം – ഫോർട്ട് കൊച്ചി തീരസംരക്ഷണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ചെല്ലാനം–കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ കടലിലിറങ്ങി പ്രതിഷേധിച്ചത്. ‘കല്ലില്ലെങ്കിൽ കടലിലേക്ക്’ എന്ന പേരിൽ പുത്തൻതോട് ബീച്ചിൽ ആയിരുന്നു പ്രതിഷേധം.
ചെല്ലാനത്ത് നിലവിൽ ഏഴു കിലോമീറ്ററോളം ദൂരത്താണ് ടെട്രാപോഡ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള ഭാഗങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള ഭിത്തി നിർമാണം ആരംഭിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ലെന്ന് ജനകീയവേദി ആരോപിക്കുന്നു. എഡിബി വായ്പ ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. മുൻ വർഷങ്ങളിൽ കാലവർഷത്തെത്തുടർന്നു മണ്ണുമാന്തി യന്ത്രം എത്തിച്ച് നിർമിച്ച താൽക്കാലിക ഭിത്തി പോലും ഇത്തവണ ഒരുക്കിയിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു. പുത്തൻതോട് മുതൽ വടക്കോട്ടുള്ള മേഖലകളായ കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ പല ഭാഗത്തും വർഷങ്ങളായി കടൽഭിത്തി തകർന്നു കിടക്കുകയാണ്. ചിലയിടത്തു പേരിനു പോലും കല്ലുകൾ ഇല്ല. കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണിയും നടന്നിട്ടില്ലാത്തതിനാൽ രൂക്ഷമായ കടലാക്രമണമാണ് വര്‍ഷകാലത്ത്.
ഇതോടെയാണ് തീരസംരക്ഷണത്തിനായി കടലിലിറങ്ങി സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് ജനകീയവേദി കൺവീനർ വി.ടി.സെബാസ്റ്റ്യൻ പറഞ്ഞു. ഏപ്രിൽ 11ന് തങ്ങൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനെ തുടർന്ന് മേയ് 15നു മുൻപ് താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് കലക്ടർ സമരക്കാർക്കു ഉറപ്പു നൽകിയിരുന്നതാണെന്നും എന്നാൽ ഇതുവരെ ജോലികൾ ആരംഭിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.