
മാഡ്രിഡ്: കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് റയല്‍ മാഡ്രിഡില്‍ നാളെ വിടവാങ്ങല്‍ മത്സരം. സ്പാനിഷ് ലീഗിലെ അവസാന മത്സരത്തില്‍ റയല്‍ ഇന്ന് വൈകിട്ട് 7.45ന് റയല്‍ സോസിഡാഡിനെ നേരിടും. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. ഇന്നത്തെ മത്സരത്തോടെ റയലിന്റെ ചുമത ഒഴിയുന്ന കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാവും. ഈ സീസണോടെ ടീം വിടുന്ന ലൂക്ക മോഡ്രിച്ചിനും സാന്റിയാഗോ ബെര്‍ണബ്യുവില്‍ ഇന്ന് അവസാന മത്സരമാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇത്തവണ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കിരീടം സ്വന്തമാക്കിയ ബാഴ്സലോണ നാളെ സീസണിലെ അവസാന മത്സരത്തില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടും.
ഇതിനിടെ എ സി മിലാനില്‍ തന്റെ പ്രിയ താരമായിരുന്ന മുന്‍ ബ്രസീലിയന്‍ താരം റിക്കാര്‍ഡോ കക്കയെ സഹ പരിശീലകനായി ടീമിലെത്തിക്കാന്‍ ആഞ്ചലോട്ടി ശ്രമിക്കുന്നതായി സിഎന്‍എന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. അറ്റാക്കിംഗ് മിഡ്ഫീള്‍ഡറായിരുന്ന കക്ക തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്നത് മിലാനില്‍ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിലായിരുന്നു. ബ്രസീലിനെ പരിശീലിപ്പിക്കാന്‍ തന്റെ പരിശീലന സംഘത്തെ പുതുക്കാനുള്ള ആലോചനയിലാണ് കാര്‍ലോ നിലവിലുള്ളത് എന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി മിലാന് മുന്‍ താരവും ബ്രസീലിന്റെ 2002 ലോകകപ്പ് ജേതാവുമായ റിക്കാര്‍ഡോ കക്കയെ സഹപരിശീലകനായി നിയമിക്കാനാണ് ആഞ്ചലോട്ടിയുടെ പ്ലാന്‍.
2003 മുതല്‍ 2009 വരെ മിലാനില്‍ കക്കയെ പരിശീലിപ്പിച്ചിട്ടുള്ള ആഞ്ചലോട്ടിക്ക് താരവുമായി അടുത്ത ബന്ധമാണുള്ളത്. ഇരുവരും ചേര്‍ന്ന് എസി മിലാന് ചാമ്പ്യന്‍സ് ലീഗ്, സെരീ എ കിരീടങ്ങള്‍ സമ്മാനിച്ചിരുന്നു. മിലാനില്‍ മിന്നും ഫോമില്‍ കളിക്കവെ കക്കയെ തേടി 2007ല്‍ ബാലന് ഡി ഓര് പുരസ്കാരവുമെത്തി. ബ്രസീല്‍ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയുമായി ഫെഡറേഷന് കരാറിലെത്തിയതിനെ കക്ക സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വാഗതം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മില്‍ പുതിയൊരു തുടക്കത്തിന്റെ സൂചനയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ പ്രൊഫഷനല്‍ ഫുട്ബോളിനോട് വിടപറഞ്ഞ ശേഷം കക്ക കോച്ചിംഗ് ലൈസന്‍സ് നേടിയിരുന്നു. ഫുട്ബോള്‍ കരിയറില്‍ എസി മിലാന് പുറമെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിനായും കക്ക കളിച്ചിട്ടുണ്ട്. ബ്രസീലിനായി 92 മത്സരങ്ങളുടെ അനുഭവ സമ്പത്തും റിക്കാര്‍ഡോ കക്കയ്ക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]