
തൃശൂര്‍: പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലുപേരാണ് പിടിയിലായത്.
തൃശൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ ഒരുമാസം നീണ്ട നിരീക്ഷണമാണ് കഞ്ചാവ് കടത്തുകാരെ കുടുക്കിയത്. അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേരുടെ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ലോറിയുമായി കഞ്ചാവ് കടത്തിന് നാലംഗ സംഘം പുറപ്പെട്ട വിവരം ഡാന്‍സാഫ് ശേഖരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ലോറിയുടെ വിവരം വച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ആലുവ സ്വദേശികളായ ചീനിവിള വീട്ടിൽ ആഷ്ലിൻ, പള്ളത്ത് വീട്ടിൽ താരിഷ്, പീച്ചി സ്വദേശി ഷിജോ, പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ലോറിയിലെ രഹസ്യ അറയിലാണ് കഞ്ചാവ് കടത്തിയത്.
ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തു. ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ നാലുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ആലുവയിൽ ഒരാളെ വെട്ടിക്കൊന്ന കേസിലുൾപ്പടെ 16 കേസുകളിൽ പ്രതിയാണ് താരിഷ്. ആറ് ലഹരി കേസുകള്‍, ആളൂരിൽ എടിഎം കുത്തിപൊളിച്ച കേസ് എന്നിവയിലെ പ്രതിയാണ് ഷിജോ. കവർച്ച ഉള്‍പ്പടെ 12 കേസുകളിൽ പ്രതിയാണ് ജാബിർ. പാലക്കാട് 160 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ആഷ്ലിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]