
ബെംഗളൂരു: കർണാടകയിൽ കൂട്ടബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയത് റോഡിൽ റാലി നടത്തി ആഘോഷിച്ച് പ്രതികൾ. ബൈക്കും കാറുമായി തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ആഘോഷം. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇവർക്കെതിരെ ഹാവേരി പൊലീസ് കേസെടുത്തു. കർണാടക ഹാവേരിയിലെ അക്കി ആളൂർ ടൗണിൽ ഇന്നലെ വൈകിട്ടാണ് സംഭവം. 26-കാരിയായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ അക്രമികളാണ് ഇത്തരത്തിലൊരു വിജയാഘോഷം അക്കി ആളൂരിൽ സംഘടിപ്പിച്ചത്.
2024 ജനുവരി 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യത്യസ്ത മതങ്ങളിൽ പെട്ട യുവാവും യുവതിയും ഹനഗലിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനെത്തിയതായിരുന്നു. ഈ വിവരമറിഞ്ഞാണ് ഏഴ് പേർ ഇവിടെയെത്തി മുറിയിലേക്ക് കയറിച്ചെന്ന് ഇവരെ ഭീഷണിപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമിസംഘം തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ചവശനാക്കുകയും ചെയ്തു. പിറ്റേന്ന് പരാതി നൽകിയപ്പോൾ പ്രതികളുടെ വ്യക്തമായ വിവരങ്ങൾ നൽകിയ യുവതി തിരിച്ചറിയൽ പരേഡിൽ അന്ന് ഇവരെയെല്ലാം തിരിച്ചറിയുകയും ചെയ്തു. പിന്നീട് വിചാരണ തുടങ്ങി 16 മാസത്തിന് ശേഷം ഇവരെ കോടതിയിൽ വച്ച് തിരിച്ചറിയാൻ അതിജീവിതയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഈ ജാമ്യമാണ് ഇവർ നടുറോഡിൽ പാട്ട് വച്ച് റാലി നടത്തി ആഘോഷിച്ചത്. സംഭവത്തിൽ ഹാവേരി പൊലീസ് പ്രതികൾക്കെതിരെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാൽ ഉടൻ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യും. അതായത് എല്ലാവർക്കും വന്ന പോലെ ജയിലിലേക്ക് പോകാമെന്നർത്ഥം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]