
നിരന്തരമായ വേട്ടയാടലിലൂടെ നൂറ് വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന തിമിംഗലങ്ങളെ വീണ്ടും കണ്ടെത്തിയതായി ഗവേഷകർ. വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന നീല – ചാരനിറത്തിലുള്ള സെയ് തിമിംഗലങ്ങളെയാണ് (Sei Whales) അർജന്റീനയിലെ പാറ്റഗോണിയൻ തീരത്ത് നിന്ന് വീണ്ടും കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലങ്ങളുടെ ഈ പുനരുജ്ജീവനം പ്രകൃതിയുടെ പ്രതിരോധശേഷിയിലേക്കും ആഗോള സംരക്ഷണ ശ്രമങ്ങളുടെ നല്ല സ്വാധീനത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്ന് ഗവേഷകർ അടിവരയിടുന്നു.
64 അടി വരെ നീളത്തില്‍ വളരുന്ന ഇവയ്ക്ക് 28 ടൺ വരെ ഭാരമുണ്ടായിരിക്കും. സെയ് തിമിംഗലങ്ങളുടെ നീല കലർന്ന ചാര നിറം സമുദ്ര ആവാസ വ്യവസ്ഥയിൽ മറഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഭക്ഷണം തേടി കിലോമീറ്ററുകളോളം നീന്താന്‍ ഇവയ്ക്ക് കഴിയുന്നു. ഭക്ഷണം തേടിയുള്ള അലച്ചില്‍ ഇവയെ ദേശാടന പ്രിയരാക്കുന്നു. പ്രധാനമായും ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാൻ ഇവയ്ക്ക് മടിയില്ല.
ബലീൻ തിമിംഗല കുടുംബത്തിലെ ( Baleen whale family) അംഗമായ സെയ് തിമിംഗലം ഒരിക്കൽ പാറ്റഗോണിയയിലെ ജലാശയങ്ങളിൽ സമൃദ്ധമായിരുന്നു. എന്നാൽ വാണിജ്യ തിമിംഗല വേട്ടയിലൂടെ ഇവയുടെ എണ്ണം വിനാശകരമായ രീതിയിൽ കുറയുകയായിരുന്നു. ഒടുവില്‍ ഇവ അപ്രത്യക്ഷമാക്കുന്ന സ്ഥിതിയിലേക്ക് എത്തി. സെയ് തിമിംഗലത്തിന്റെ എണ്ണയും മാംസവും ആയിരുന്നു വാണിജ്യ വേട്ടക്കാരുടെ പ്രിയപ്പെട്ട ഇരയായി ഇവയെ മാറ്റിയത്. ഇപ്പോൾ വീണ്ടും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ജീവ ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്നാണ് ഗവേഷകർ പറയുന്നു. സമുദ്ര ജീവികളുടെ സംരക്ഷണത്തിനായി നടത്തി വരുന്ന പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട് എന്നതിന് തെളിവാണ് സെയ് തിമിംഗലങ്ങളുടെ കടന്നുവരവ് എന്നും ഗവേഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]