
വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്ഗാമികളില് നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
2013 ൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ റോമൻ കത്തോലിക്കാ സഭയിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പോപ്പ്, തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്, ജെസ്യൂട്ട് ക്രമത്തിൽ നിന്നുള്ള ആദ്യ പോപ്പ് എന്നിങ്ങനെ നിരവധി ചരിത്രമെഴുതിയായിരുന്നു കടന്നുവരവ്. കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് വേണ്ടിയാണ് ആദ്യം പാപ്പ ശബ്ദമുയർത്തിയത്. പിന്നീട് കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്രപരമായ ക്ഷമാപണം, മനുഷ്യനുള്ള കാലം വരെ ഓർമ്മിക്കപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]