
ചെന്നൈ: ജമ്മു കശ്മീരിലെ പഹൽഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിംഗ് ഏപ്രിൽ 27 ഞായറാഴ്ച ചെന്നൈയിൽ നടത്താനിരുന്ന തന്റെ സംഗീത പരിപാടി റദ്ദാക്കി. ഭീകരാക്രമണത്തില്‍ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും സഹാനുഭൂതിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് അരിജിത് സിങ്ങും സംഘാടകരും പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചത്.
“ദാരുണമായ സംഭവങ്ങളുടെ വെളിച്ചത്തിൽ, ഏപ്രിൽ 27 ഞായറാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന ഷോ റദ്ദാക്കാൻ സംഘാടകരും കലാകാരനും ചേർന്ന് കൂട്ടായി തീരുമാനിച്ചു. എല്ലാ ടിക്കറ്റ് ഉടമകൾക്കും മുഴുവൻ തുകയും തിരിച്ച് നല്‍കും” എന്ന് സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
എന്തായാലും പരിപാടി റദ്ദാക്കാനുള്ള അരിജിത് സിംഗിന്റെ തീരുമാനത്തിന് വലിയ ആദരവാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച അബിർ ഗുലാൽ എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചതിന് സിംഗ് വിമർശിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഗായകന്റെ തീരുമാനം.
ഖുദയ ഇഷ്ക് എന്ന ഗാനമാണ് ഓൺലൈൻ ചർച്ചയ്ക്ക് തുടക്കമിട്ടത്, ശില്പ റാവുവിനൊപ്പം ചേര്‍ന്നാണ് അരിജിത് സിംഗ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നിരുന്നാലും, അതേ സമയം പാക് താരം അഭിനയിച്ച ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
അതേ സമയം തന്നെ തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഹുക്കും മ്യൂസിക്ക് ഷോയുടെ ടിക്കറ്റ് വിൽപ്പനയും മാറ്റിവച്ചിട്ടുണ്ട്. ആദ്യം ഏപ്രിൽ 24 നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.
“നിലവിലെ ദേശീയ സാഹചര്യം” പരിഗണിച്ച് ടിക്കറ്റ് വില്‍പ്പന മാറ്റിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.
അതേ സമയം ആക്രമണത്തിൽ ഞെട്ടലും രോഷവും പ്രകടിപ്പിച്ച സല്മാന് ഖാന്, ഷാരൂഖ് ഖാന്, അല്ലു അർജുൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, അക്ഷയ് കുമാർ തുടങ്ങിയ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.
പഹൽഗാമിലെ ബൈസരന്‍ താഴ്വരയില് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ‘നിശബ്ദ പോസ്റ്റ്’: അമിതാഭ് ബച്ചന് വിവാദത്തില്‍, പ്രതിഷേധം !
‘കൂടെയുണ്ട്’; ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]