
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ജിതേന്ദ്ര ചൌഹാൻ എന്ന 30കാരൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് 25 വയസുള്ള സഹപ്രവർത്തകൻ അറസ്റ്റിലായത്. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു ഇവർ രണ്ട് പേരും. കാന്തിവാലിയിലെ സായ് നഗറിലെ ഭാട്ടിയ സ്കൂളിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ജോലിക്കാരായിരുന്നു ഇവർ. ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി ജിതേന്ദ്ര ചൌഹാൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ 25കാരനെത്തി ശബ്ദം കുറച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ ഐപിഎൽ മത്സരങ്ങൾ കാണുകയായിരുന്നു 25കാരൻ. സംസാരത്തിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ 25കാരൻ ജിതേന്ദ്ര ചൌഹാനെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ബേസ്മെന്റിലെ പാർക്കിംഗ് ഭാഗത്ത് വീണ ജിതേന്ദ്ര ചൌഹാന് തലയിൽ അടക്കം ഗുരുതര പരിക്കേൽക്കുകയായിരുന്നു.
കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ ജിതേന്ദ്ര ചൌഹാൻ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാന്തിവാലി പൊലീസ് സംഭവത്തിൽ കേസ് എടുത്തത്. 25കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]