
താങ്ങാവാൻ കോൺഗ്രസ്: യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കും; കൂടിയാലോചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ആശാ വർക്കർമാരുടെ സമരം തുടരവെ സംസ്ഥാനത്ത് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശാ വർക്കർമാരുടെ വേതനം കൂട്ടാൻ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ ചുമതലപ്പെടുത്തി. റിപ്പോർട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. തനതുഫണ്ടിൽനിന്നു തന്നെ പണം കണ്ടെത്താനാണ് നീക്കം.
-
Also Read
7,000 രൂപയാണ് സർക്കാർ ഓണറേറിയം. ഇതിനു പുറമെ പഞ്ചായത്തിന്റെ വിഹിതമായി 2,000 രൂപ വരെ നൽകിയേക്കും. ഇൻഷുറൻസ് ഏർപ്പെടുത്താനും 2 ജോടി യൂണിഫോം നൽകാനും തുക ചെലവഴിക്കണമെന്ന് അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. ആവശ്യപ്പെടുന്ന കാര്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. നിയമവശം ഞങ്ങൾ പരിശോധിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി സംസാരിക്കാൻ ഡിസിസികളെയും രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടനയേയും ചുമതലപ്പെടുത്തിയെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തികസ്ഥിതി പരിശോധിക്കുകയാണ്. ഒരു കൂടിയാലോചന വൈകാതെയുണ്ടാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച ശേഷമാകും അന്തിമ തീരുമാനം. യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യുഡിഎഫിലെ കക്ഷികളുമായി പ്രതിപക്ഷ നേതാവ് സംസാരിക്കും. നാളെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നും ലിജു പറഞ്ഞു.
അതേസമയം, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വേതനം വർധിപ്പിക്കാൻ തീരുമാനിച്ചാൽ അതൊരു മറയാക്കി സർക്കാർ ഒഴിഞ്ഞുമാറുമോയെന്ന ആശങ്കയുണ്ടെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയർമാൻ എം. മുരളി പറഞ്ഞു. സമരത്തിനോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് അറിഞ്ഞ് അടുത്ത മാസത്തോടെ ഒരു തീരുമാനമെടുത്താൽ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പദ്ധതി നടപ്പാക്കണമെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ (ഡിപിസി) അംഗീകാരം നേടണമെന്നതാണ് മറ്റൊരു കടമ്പ.
അതിനിടെ, കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളായ തൃശൂരിലെ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ എന്നിവിടങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കാൻ ബജറ്റ് പ്രഖ്യാപനമുണ്ടായി. പഴയന്നൂരിലും വെച്ചൂചിറയിലും രണ്ടായിരം രൂപ വീതം അധിക വരുമാനം നൽകാനാണ് തീരുമാനം. 31 ആശമാർക്കായി 8 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം പഴയന്നൂർ പഞ്ചായത്ത് നീക്കിവയ്ക്കുക. 5 ലക്ഷം രൂപ വെച്ചൂചിറ പഞ്ചായത്ത് നീക്കിവയ്ക്കും. വെച്ചൂചിറയിൽ 15 ആശാ പ്രവർത്തകരാണുള്ളത്.