
അമ്പലപ്പുഴ: പാൽപ്പായസത്തിന്റെ മധുരവുമായി അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടന്നു. ക്ഷേത്രത്തിലെ ഒൻപതാം ഉത്സവ ദിനമായ തിങ്കളാഴ്ച ഉച്ചക്കാണ് ഭക്തിനിര്‍ഭരമായ ചടങ്ങ് നടന്നത്. നാവിൽ കൊതിയൂറുന്ന അമ്പലപ്പുഴ പാൽപ്പായസമുൾപ്പെടെ 43 ലധികം വിഭവങ്ങളാണ് ഇത്തവണ നാടകശാല സദ്യക്ക് തൂശനിലയിൽ വിളമ്പിയത്. ഉപ്പേരികളില്‍ ചക്ക, ചേമ്പ്, കായ, ശർക്കര വരട്ടി, കൊണ്ടാട്ടം. പായസങ്ങളില്‍ അരി, പ്രഥമൻ, ഗോതമ്പ്, അമ്പലപ്പുഴ പാൽപ്പായസം ഉള്‍പ്പെടെയുള്ള അഞ്ച് പായസം.
പഴങ്ങളായ ചക്ക, മാങ്ങ, മുന്തിരി, പൈനാപ്പിൾ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് തൂശനിലയിൽ വിളമ്പിയത്. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ശ്രീകൃഷ്ണ സന്നിധിയിലെ ഭക്തിനിര്‍ഭരമായ ചടങ്ങിൽ പങ്കുകൊള്ളാനെത്തിയത്. കൃഷ്ണ ഭക്തനായ വില്വമംഗലം സ്വാമിയാരും കൃഷ്ണനും തമ്മിലുള്ള ബന്ധമാണ് പ്രസിദ്ധമായ നാടകശാല സദ്യയുടെ ഐതിഹ്യത്തിന് പിന്നിലുള്ളത്.
ഒമ്പതാം ഉത്സവദിവസം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കായി നാടകശാലയില്‍ ചെമ്പകശേരി രാജാവ് സദ്യ ഏര്‍പ്പെടുത്തിയിരുന്നു. വില്വമംഗലം സ്വാമിയാര് ഈ ദിവസം ഉച്ചപൂജക്ക് ദര്‍ശനത്തിനെത്തിയപ്പോള്‍ ഭഗവത് സാന്നിധ്യം കണ്ടില്ല. തുടര്‍ന്ന് ഭഗവാനെത്തേടി ക്ഷേത്രത്തില്‍ ചുറ്റിനടന്നു. ഒടുവില്‍ നാടകശാലയിലെത്തിയപ്പോൾ ജീവനക്കാർക്ക് നെയ്യ് വിളമ്പുന്ന ഉണ്ണിക്കണ്ണനെയാണ് വില്വമംഗലം കണ്ടത്. ഇതു കണ്ട് കൃഷ്ണാ എന്ന് ഓടി വിളിച്ച് വില്വമംഗലമെത്തിയപ്പോഴാണ് തങ്ങൾക്ക് നെയ്യ് വിളമ്പിയത് ഉണ്ണിക്കണ്ണനാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.
ഇതോടെ മറഞ്ഞ കൃഷ്ണനെ തിരഞ്ഞ് ഊണ് പൂർത്തിയാക്കാതെ ജീവനക്കാര്‍ ഊണ് കഴിച്ച ഇലയുമായി വില്വമംഗലത്തിന് പിന്നാലെ ഓടി. ഇതിനിടയില്‍ ഭക്ഷണം ഇലയില്‍നിന്നും നിലത്തുവീണു. ഭഗവത് സാന്നിധ്യമുള്ള വില്വമംഗലം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തന്‍കുളത്തില്‍ ചാടിയതിന് പിന്നാലെ ജീവനക്കാരും ചാടി. ഉണ്ണിക്കണ്ണന് പുത്തന്‍കുളത്തില്‍ ഇറങ്ങിയെന്നുള്ള സങ്കല്‍പ്പത്തിലാണ് ഇവരും കുളിക്കാനിറങ്ങിയത്. ഇതിന്റെ സ്മരണ പുതുക്കിയാണ് എല്ലാ വര്‍ഷവും ഒൻപതാം ഉത്സവ ദിവസം ക്ഷേത്രത്തിൽ നാടക ശാല സദ്യ നടക്കുന്നത്.
സ്മരണ പുതുക്കി തിങ്കളാഴ്ച നടന്ന നാടശാലസദ്യയില് പങ്കെടുത്ത് ഇലയും വറ്റുകളും ഭക്തര്‍ക്കിടയിലേക്ക് വിതറി പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തന്‍കുളം ഭാഗത്തേക്ക് സദ്യകഴിച്ച സംഘം സഞ്ചരിച്ചു. തുടര്ന്ന്തിരികെ വഞ്ചിപ്പാട്ട് പാടിയെത്തിയ സംഘത്തെ അമ്പലപ്പുഴ പൊലീസ് പഴക്കുല നൽകി സ്വീകരിച്ചു. സംഘം ക്ഷേത്രത്തിലെ കിഴക്കേനടയില്‍ കുളിച്ചശേഷം ക്ഷേത്രത്തിന് വലംവെച്ചതോടെയാണ് നടകശാല സദ്യയുടെ ഐതിഹ്യം പൂര്‍ത്തിയായത്. ദേവസ്വം ഓംബുഡ്സ്മാൻ കെ രാമകൃഷ്ണൻ, ഡപ്യൂട്ടി ഓഫിസര്‍മാരായ ദിലീപ്, ഗണേഷ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ വിമൽ, വിജിലൻസ് ഓഫിസര്‍ ഹരികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജയലക്ഷ്മി, രാജപ്രതിനിധി നാരായണ ഭട്ടതിരി, വിജിലൻസ് എസ്ഐ ശ്യാം എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]