
‘സാമൂഹികക്ഷേമ പെൻഷനിൽ കേന്ദ്രവിഹിതം നൽകുന്നതിൽ വീഴ്ച; ബാധിച്ചത് എട്ടുലക്ഷം ഗുണഭോക്താക്കളെ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മുൻകൂറായി പണം നൽകിയിട്ടും സാമൂഹികക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്നു മന്ത്രി . സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്നിനം സാമൂഹിക സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ 8.46 ലക്ഷം പേർക്ക് മാത്രമാണ് എൻഎസ്എപി പദ്ധതി പ്രകാരം 200 മുതൽ 500 രൂപ വരെയുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ലിന്റോ ജോസഫ് എംഎല്‍എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
-
Also Read
‘‘കേന്ദ്രവിഹിതം ഉൾപ്പെടെയുള്ള തുക മുഴുവനും ഒരുമിച്ച് സംസ്ഥാന സർക്കാർ നൽകുകയും കേന്ദ്രവിഹിതം പിന്നീട് കേന്ദ്ര സർക്കാർ റീ ഇംപേഴ്സ്മെന്റ് രീതിയിൽ തിരികെ നൽകുകയും ചെയ്യുന്ന രീതിയായിരുന്നു 2022 ഡിസംബർ വരെ സ്വീകരിച്ചിരുന്നത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി തിരികെ നൽകാതെ കുടിശിക എകദേശം 600 കോടി രൂപ കവിയുന്ന സാഹചര്യമുണ്ടായി. നിലവിൽ മുൻകൂറായി ചെലവഴിച്ച 121.54 കോടി രൂപ ഇനിയും തിരികെ ലഭിക്കാനുണ്ട്.’’ – മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
2023 ജനുവരിയിൽ കേന്ദ്രസർക്കാർ കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പുതിയ നിബന്ധന പ്രകാരം കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കാമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിൽനിന്നുള്ള വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ടായതിനാൽ ഇതിന് ആനുപാതികമായ തുക കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലേക്ക് സംസ്ഥാനം മുന്‍കൂട്ടി നൽകാൻ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
ഇതേത്തുടർന്ന് 2023 ജനുവരി മുതൽ സംസ്ഥാന സർക്കാർ പ്രതിമാസം 1600 രൂപ നിരക്കിൽ സാമൂഹികക്ഷേമ പെൻഷനുകൾ സ്വന്തം ഫണ്ടിൽനിന്ന് അനുവദിക്കുമ്പോൾ, കേന്ദ്രവിഹിതം ഇല്ലാത്ത പെൻഷൻ ഗുണഭോക്താക്കൾക്ക് അതേ തുക ഒറ്റത്തവണയായി ലഭിക്കുകയും അതേസമയം, സംസ്ഥാനവിഹിതവും കേന്ദ്രവിഹിതവും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതമായ 1100-1400 രൂപമാത്രം കൃത്യമായി ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. അതേസമയം, കേന്ദ്രവിഹിതമായ 200 – 500 രൂപ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു മുൻകൂറായി നൽകിയിട്ടു പോലും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മിക്കപ്പോഴും കാലതാമസം വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ചില ഗുണഭോക്താക്കൾക്കു കേന്ദ്രവിഹിതമായ 200-500 രൂപ സംസ്ഥാന വിഹിതത്തോടൊപ്പം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുന്നു. നിരവധി തവണ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അതു പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. പഴയ രീതിയിൽ 8,46,456 ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിനെ കേന്ദ്രം അനുവദിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 55 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കൾക്കു സാമൂഹിക സുരക്ഷാ /ക്ഷേമനിധി ബോർഡ് പെൻഷനുകൾ അനുവദിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.