
സൂരജ് വധക്കേസ്: ടിപി വധക്കേസ് പ്രതിയുൾപ്പെടെ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 2 മുതൽ 6 വരെ പ്രതികൾക്ക് ആയുധ നിരോധന നിയമപ്രകാരം 2 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ മരിച്ച സൂരജിന്റെ കുടുംബത്തിന് നൽകണമെന്നാണ് നിർദേശം. ഒന്നാം പ്രതിക്ക് ഒളിവിൽ താമസിക്കാൻ അവസരം നൽകി എന്ന കുറ്റത്തിന് 11–ാം പ്രതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. പത്താം പ്രതിയെ വെറുതെവിട്ടു.
-
Also Read
പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻ.വി.യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ.ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി.പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നിവർ കുറ്റക്കാരാണെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ ടി.കെ. രജീഷ്, ടിപി വധക്കേസിലെ പ്രതിയും പി.എം.മനോരാജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരനുമാണ്.
ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ.ഷംസുദീൻ, 12–ാം പ്രതി മക്രേരി കിലാലൂർ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചിരുന്നു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. 2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 2 പ്രതികളെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്നും തുടരന്വേഷണം വേണമെന്നും കാണിച്ചാണു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ടി.കെ.രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും പി.എം.മനോരാജിനെയും കേസിൽ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകുകയായിരുന്നു. 2010ൽ വിചാരണ തുടങ്ങാനിരുന്നെങ്കിലും സാക്ഷികൾ ഹാജരാവാത്തതിനാൽ വിചാരണ തുടങ്ങിയില്ല. ഇതിനുശേഷം സൂരജിന്റെ അമ്മ സതി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അഡ്വ. പി.പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.എൻ.ആർ.ഷാനവാസ് എന്നിവരാണ് ഹാജരായത്.