
ഒട്ടാവ: കാനഡയിൽ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് ജനവിധിയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിൽ കാനഡയെ സജ്ജമാക്കാൻ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാർണി. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കാർണിയുടെ തീരുമാനം. തീരുമാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാധാരണ ഗതിയിൽ ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ യുഎസ് – കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയിൽ മുൻപേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നിൽ മാർക്ക് കാർണിയുടെ മറ്റൊരു കണക്ക് കൂട്ടൽ കൂടിയുണ്ട്. നേരത്തെ വോട്ടെടുപ്പ് നടത്തിയാൽ ലിബറൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. യുഎസിന്റെ തീരുവയും, കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കവുമെല്ലാം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി ഉയർത്താനാണ് സാധ്യത.
ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ജസ്റ്റിൻ ട്രൂഡോ രാജി വച്ചത്. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികൾ സർക്കാർ നേരിടുന്ന സാഹചര്യത്തിലായിരുന്നു രാജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]