
ദില്ലി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാകണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അസമിലെ ഹാജോയിൽ നിന്നാണ് ഐഐടി-ഗുവാഹത്തിയിലെ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയാണ് ഇയാൾ. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ഇമെയിലുകളിലൂടെയും താൻ തീവ്രവാദ സംഘടനയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാമ്പസിൽ നിന്ന് കാണാതായി.
ഐസിസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇയാളെയും കാണാതായത്. തുടർന്ന് ദില്ലി സ്വദേശിയായ വിദ്യാർഥിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപ് ജില്ലയിലെ ഹാജോയിൽ നിന്നാണ് പിടിയിലായത്. വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഡിജിപി ജിപി സിംഗ് എക്സിൽ പോസ്റ്റ് ചെയ്തു.
വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിൽനിന്ന് ഐസിസ് പതാകയ്ക്ക് സമാനമായ ഒരു കറുത്ത പതാകയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇയാൾ ഒറ്റയ്ക്കായിരുന്നുവെന്നും കാമ്പസിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇ മെയിലിന്റെയും ലിങ്ക്ഡ് ഇന്നിലെ പോസ്റ്റിന്റെ ആധികാരികതയും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഹാരിസ് ഫാറൂഖിയെയും കൂട്ടാളികളെയും അസം പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
Last Updated Mar 24, 2024, 2:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]