
11:04 AM IST:
ദേവികുളം മുൻ എംഎൽഎ, എസ്.രാജേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമര്‍ശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അങ്ങനെ മാറാൻ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമര്‍ശിക്കുന്നില്ലേയെന്ന് ചോദിച്ചു.
താൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തതെന്നും പറഞ്ഞ മണി, രാജേന്ദ്രൻ അത് മറന്നതു കൊണ്ടാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നതെന്നും വിമര്‍ശിച്ചു. പാര്‍ട്ടി നൽകിയത് എല്ലാം മറന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ അതിനെ പിതൃരഹിത പ്രവർത്തനം എന്നാണ് പറയുക. അത് രാജേന്ദ്രനല്ല താൻ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ് രാജേന്ദ്രൻ പാർട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖത്തിൽ പറഞ്ഞു.
11:03 AM IST:
ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്.
11:02 AM IST:
ആർ.എൽ.വിരാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെ മുരളീധരൻ. കേരളത്തിൽ ഇത്തരം മന:സ്ഥിതിയുള്ളവരുണ്ടോ? സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്സ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത് .
ഇത്തരം മനസ്സ് കേരളത്തിൽ വിലപ്പോകില്ല. ഇത്തരം വംശീയ പരാമർശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണം. ഇതിലൊക്കെ സംഘപരിവാർ അജണ്ട കാണാൻ കഴിയും. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചത് കൊണ്ടൊന്നും ഇതിൻറെ പാപക്കറ കഴുകി കളയാൻ കഴിയില്ല.
11:01 AM IST:
നിഫ്റ്റിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 521 കോടിയെന്ന് വെളിപ്പെടുത്തൽ. നിഫ്റ്റിയിലെ 15 കമ്പനികളും സെൻസെക്സിലെ 8 കമ്പനികളും ഇലക്ട്രല്‍ ബോണ്ട് വാങ്ങി. നിഫ്റ്റി കമ്പനികൾ 646 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. സെൻസെക്സ് കമ്പനികൾ 337 കോടിയുടെ ബോണ്ടുകൾ വാങ്ങിയ നിഫ്റ്റി കമ്പനികൾ 521 കോടി ബിജെപിക്ക് നല്കിയപ്പോൾ ബിആർഎസിന് 53 കോടിയും കോണ്‍ഗ്രസിന് 21 കോടി രൂപയും നൽകി. ബിജെഡിക്ക് ഈ കമ്പനികളിൽ നിന്ന് 20 കോടി രൂപ ലഭിച്ചു.
10:59 AM IST:
റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര് മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു