
കോഴിക്കോട്: വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോള്‍ ഓട് പൊളിച്ച് വീടിനുള്ളില്‍ കയറി മോഷണം നടത്തിയ പ്രതിയെ പിടികൂടി പൊലീസ്. ഒളവണ്ണ കുന്നത്തുപ്പാലം കുല്ലശ്ശേരി പറമ്പ് ഹമീദിന്റെ മകന് അനസി(40) നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മുണ്ടക്കല്‍ സ്വദേശി രാജീവ് കുമാറിന്റെ വീടിന്റെ ഓട് പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്. മുറിയില്‍ ഉണ്ടായിരുന്ന 30,000 രൂപ വില വരുന്ന രണ്ട് ഫോണുകളും 3,500 രൂപയുമാണ് രാത്രി 10.30നും പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലായി ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അനസിന്റെ പേരില്‍ മാവൂര്‍, പന്തീരാങ്കാവ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുന്ദമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നിര്‍ദേശത്തില്‍ എസ്.ഐമാരായ സനീത്, സുരേഷന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി, പ്രനീഷ്, ബിജു എന്നിവര്‍ ചേര്‍ന്ന് പുത്തൂര്‍മഠത്തെ അനസിന്റെ വാടക വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അനസിനെ നാളെ കോടതിയില്‍ ഹാജരാക്കും.
Last Updated Mar 24, 2024, 1:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]